തിരുവനന്തപുരം: വൈദ്യുതി ബോർഡിൽ സിപിഎം അനുകൂല സംഘടനകളും മാനേജ്മെന്റുമായുള്ള പോര് തീർക്കാനുള്ള നടപടി നീളുന്നു. സമരം നടത്തുന്ന ഓഫിസേഴ്സ് അസോസിയേഷന്റെ ഭാരവാഹികൾ മന്ത്രി കെ.കൃഷ്ണൻകുട്ടിയെ കാണാൻ സമയം ചോദിച്ചെങ്കിലും, തിരക്കിലാണെന്നും ആലോചിച്ച് അറിയിക്കാമെന്നുമുള്ള മറുപടിയാണു ലഭിച്ചത്. മന്ത്രി പാലക്കാട്ടേക്കു പോകുന്നതിനാൽ വരും ദിവസങ്ങളിൽ കാണാൻ സാധിക്കില്ല.
അതേസമയം, സിഐടിയു നേതാക്കൾ മന്ത്രിയെ പരസ്യമായി ആക്ഷേപിക്കുകയും ഒപ്പം ചർച്ചയ്ക്കു ശ്രമിക്കുകയും ചെയ്യുന്നതിൽ എന്ത് അർഥമുണ്ടെന്നു ബോർഡ് മാനേജ്മെന്റ് ചോദിക്കുന്നു. പ്രശ്നപരിഹാരം ആവശ്യപ്പെട്ടു നിവേദനം നൽകാൻ എത്തിയ സിപിഐ അനുകൂല ഇലക്ട്രിസിറ്റി ഓഫിസേഴ്സ് ഫെഡറേഷന്റെ ഭാരവാഹികളെ മന്ത്രി കാണുകയും ചർച്ച നടത്തുകയും ചെയ്തു.
മന്ത്രിതല ചർച്ചയുടെ ആവശ്യമില്ലെന്നും ചെയർമാന്റെ തലത്തിൽ ചർച്ച ചെയ്തു പ്രശ്നം പരിഹരിക്കുമെന്നും മന്ത്രി കൃഷ്ണൻകുട്ടി അറിയിച്ചു. ഇതുവരെ ആരെയും ചെയർമാൻ ചർച്ചയ്ക്കു വിളിച്ചിട്ടില്ല. കെഎസ്ഇബി ഓഫിസേഴ്സ് അസോസിയേഷൻ പ്രസിഡന്റിന്റെയും ജനറൽ സെക്രട്ടറിയുടെയും സസ്പെൻഷൻ പുനഃപരിശോധിക്കണമെന്നു ചെയർമാന് അസോസിയേഷൻ നിവേദനം നൽകിയിട്ടുണ്ട്. ഇതു ബോർഡ് മാനേജ്മെന്റ് പരിശോധിക്കുകയാണ്. അതിന്റെ അടിസ്ഥാനത്തിലേ അവരെ ചർച്ചയ്ക്കു വിളിക്കണമോ എന്നു തീരുമാനിക്കുകയുള്ളൂ.
ഇരുവർക്കും ബോർഡ് നൽകിയ കുറ്റപത്രത്തിന് അവർ പ്രത്യേകം മറുപടി നൽകിയിട്ടില്ല. എക്സിക്യൂട്ടീവ് എൻജിനീയർ ജാസ്മിൻ ബാനുവിനെ സസ്പെൻഡ് ചെയ്തതു സംബന്ധിച്ച തുടർനടപടി ഇന്നു ബോർഡ് എടുക്കും. ബോർഡിനു ഹൈക്കോടതി നൽകിയ സമയപരിധി ഇന്ന് അവസാനിക്കുകയാണ്. മന്ത്രി കൃഷ്ണൻകുട്ടി ഇന്നലെ തിരുവനന്തപുരത്ത് എത്തുമ്പോൾ സമരക്കാരുമായി ചർച്ച നടത്തുമെന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും അദ്ദേഹവും ചെയർമാനുമായുള്ള ചർച്ച മാത്രമാണു നടന്നത്.