തിരുവനന്തപുരം: ഐശ്വര്യത്തിന്‍റേയും കാർഷിക സമൃദ്ധിയുടെ ഓർമകൾ പുതുക്കി മലയാളികൾ വിഷു ആഘോഷിക്കുന്നു. കണിയൊരുക്കിയും കൈനീട്ടം നൽകിയും വിഷു ആഘോഷത്തിലാണ് മലയാളി. മേടമാസപ്പുലരിയിൽ ഐശ്വര്യക്കാഴ്ചകളിലേക്ക് കൺതുറന്ന് മലയാളികൾ വിഷുവിനെ വരവേറ്റു.
പൂത്തുലഞ്ഞ കണിക്കൊന്ന, കോടിമുണ്ട്, അഷ്ടമംഗല്യവും, വാൽ കണ്ണാടിയും, തേച്ചൊരുക്കിയ ഓട്ടുരുളിയിൽ കാർഷിക സമൃദ്ധിയുടെ പൊൻകണി. കണിവെള്ളരി മഹാവിഷ്ണുവിന്‍റെ മുഖവും കൊന്നപ്പൂ കിരീടവും വാൽക്കണ്ണാടി മനസ്സുമെന്ന് വിശ്വാസം. കണി കണ്ടു കഴിഞ്ഞാൽ പിന്നെ കൈനീട്ടം. ഇത് സമ്പൽ സമൃദ്ധിയുടെ നല്ല നാളെകൾക്കായുള്ള തുടക്കം. പൂത്തിരിയുടെ വർണ്ണപ്പൊലിമയും പുത്തനുടുപ്പുകളുടെ പകിട്ടും കൂടിയാണ് മലയാളിക്ക് ഓരോ വിഷുക്കാലവും.
പ്രത്യാശയ്ക്കുമേൽ കരിനിഴലായി കഴിഞ്ഞ വർഷങ്ങളിൽ പടർന്നു നിന്ന കൊവിഡ് ഭീതി ഇക്കുറി ഒരു പരിധിവരെ മാറി നിൽക്കുന്നതിനാൽ ആഘോഷങ്ങള്‍ വീടുകൾക്ക് പുറത്തേക്കും സന്തോഷം വിതറുകയാണ്. പൊതുവിടങ്ങളിലും വിനോദ സഞ്ചാരകേന്ദ്രങ്ങളിലും നിയന്ത്രണങ്ങൾ ഇല്ലാത്തതിനാൽ കൂട്ടായുളള ആഘോഷങ്ങൾക്ക് ഇക്കുറി കുറവുണ്ടാകില്ല. ആശങ്കകള്‍ അകന്നു നിക്കുന്ന നല്ലൊരു നാളെയിലേക്കുള്ള പ്രത്യാശയാണ് മലയാളികളുടെ മനസിൽ ഇത്തവണ വിഷു നിറയ്ക്കുന്നത്.
മുഖ്യമന്ത്രിയും ഗവർണറുമടക്കമുള്ളവരെല്ലാം മലയാളികൾക്ക് വിഷു ആശംസ നേർന്നു. വിഷു ആഘോഷം കൂട്ടായ്മയ്ക്കും സാഹോദര്യത്തിനും കരുത്ത് വർധിപ്പിക്കുന്നതാകട്ടെയെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ ആശംസ. ഐശ്വര്യത്തിന്റെയും സമാധാനത്തിന്റെയും ഒരുമയുടെയും കൈനീട്ടം നല്കി വിഷു നമ്മെ അനുഗ്രഹിക്കട്ടെയെന്നായിരുന്നു ഗവർണർ ആശംസിച്ചത്.