ന്യൂഡൽഹി: സംസ്ഥാനത്തെ കോവിഡ് കേസുകൾ വീണ്ടും ഉയരുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ശക്തിപ്പെടുത്തി. സ്കൂൾ കുട്ടികളിൽ കോവിഡ് വ്യാപകമായി കണ്ടെത്തുന്നതിനാൽ സ്കൂൾ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പുതിയ മാർഗരേഖ ഉടൻ നൽകുമെന്നു ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു.
പ്രതിരോധ നടപടികൾ ആവിഷ്കരിക്കാൻ 20നു ഡൽഹി ദുരന്ത നിവാരണ അതോറിറ്റിയുടെ (ഡിഡിഎംഎ) യോഗം ചേരാനും തീരുമാനിച്ചു. ബുധനാഴ്ച 299 പേർക്കാണു ഡൽഹിയിൽ കോവിഡ് സ്ഥിരീകരിച്ചത്. രോഗവ്യാപന നിരക്ക് 2.49%. രണ്ടു ദിവസം മുൻപത്തെക്കാൾ 118% വർധന. കോവിഡ് കേസുകൾ കുറഞ്ഞ സാഹചര്യത്തിൽ ഡൽഹിയിൽ മാസ്‌ക് ഉൾപ്പെടെയുള്ള നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയിരുന്നു.
നിലവിൽ ഡൽഹിയിൽ 814 സജീവ കോവിഡ് കേസുകളുണ്ട്. നോയിഡ, ഗുരുഗ്രാം എന്നിവിടങ്ങളിലും കോവിഡ് കേസുകൾ വർധിക്കുകയാണ്. ഗാസിയാബാദിലെ സ്വകാര്യ സ്‌കൂളിലെ 10 വിദ്യാർഥികൾക്കു കോവിഡ് സ്ഥിരീകരിച്ചു. നോയിഡയിലെ ഒരു സ്‌കൂളിൽ 3 അധ്യാപകർക്കും 15 വിദ്യാർഥികൾക്കും കോവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിൽ മുംബൈ നഗരത്തിലും കോവിഡ് കേസുകളിൽ വർധനയുണ്ട്. തിങ്കളാഴ്ച 26 കേസുകളുണ്ടായിരുന്നതു ബുധനാഴ്ച 73 ആയി.