തിരുവനന്തപുരം : കേരള യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്സ് സർവീസസ് മേധാവിയും പ്രഫസറുമായ ഡോ.വിജയലക്ഷ്‌മിയെ തടഞ്ഞു വച്ചതുമായി ബന്ധപ്പെട്ട കേസില്‍ രാജ്യസഭ എംപിയും ഡിവൈഎഫ്ഐ അഖിലേന്ത്യാ മുൻ സെക്രട്ടറിയുമായിരുന്ന എ.എ.റഹിമിനെതിരെ കോടതി അറസ്റ്റു വാറന്റ് പുറപ്പെടുവിച്ചിരുന്നു. കേസ് പരിഗണിച്ചപ്പോൾ ഒന്നാം പ്രതി റഹിം അടക്കം കേസിലെ 12 പ്രതികളും ഹാജരാകാത്തതിനെ തുടർന്നാണ് കോടതി മുഴുവൻ പ്രതികൾക്കും അറസ്റ്റു വാറന്റ് നൽകിയത്.
ഈ വിഷയത്തില്‍ റഹിമിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ. റഹിമിന്‍റെ അറസ്റ്റു വാറന്റ് വാര്‍ത്ത കണ്ടപ്പോള്‍ ആമസോൺ കാട് കത്തിയതിനെതിരായ സമരത്തിൽ വല്ലതും പങ്കെടുത്തതിന്റെയാകും എന്നാണ് കരുതിയതെന്നും പിണറായി രാജ ഭരിക്കുമ്പോള്‍ ജനകീയ പ്രശ്നങ്ങളിൽ സമരം ചെയ്യാനുള്ള ധൈര്യമില്ല റഹിമിനെന്നും രാഹുല്‍ ഫെയ്സ്ബുക്കിലൂടെ വിമര്‍ശിച്ചു.
രാഹുലിന്‍റെ കുറിപ്പ് വായിക്കാം:
‘ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് എ.എ.റഹിമിന് അറസ്റ്റു വാറന്റ്’
ഈ വാർത്ത ന്യൂസ്ഫീഡിൽ കണ്ടപ്പോൾ പ്രത്യേകിച്ച് യാതൊരു കൗതുകവും തോന്നിയില്ല. കാരണം അദ്ദേഹം ഒരു യുവജന നേതാവാണ്. വല്ല ആമസോൺ കാട് കത്തിയതിനെതിരായ സമരത്തിൽ വല്ലതും പങ്കെടുത്തതിന്റെയാകും എന്നാണ് കരുതിയത്. എന്തായാലും കേരളത്തിൽ പിണറായി രാജ ഭരിക്കുന്നതിനാൽ റഹിമിനു ഇവിടുത്തെ ജനകീയ പ്രശ്നങ്ങളിൽ സമരം ചെയ്യാനുള്ള ധൈര്യമില്ല, മാത്രമല്ല സർക്കാർ കൊള്ളരുതായ്മകൾ ന്യായീകരിക്കുന്ന പ്രധാന തിലകമാണ് താനും അദ്ദേഹം. ന്യായീകരണം ഐപിസി കുറ്റകൃത്യമായി കാണാത്തിടത്തോളം അദ്ദേഹം സേഫാണ്! അല്ലെങ്കിൽ ഒരായിരം ജീവപര്യന്തം മിനിമം കിട്ടേണ്ടുന്ന ആളാണ്.
പറഞ്ഞു വന്നത് അദ്ദേഹത്തിനെതിരെ അറസ്റ്റു വാറന്റ് വന്നിരിക്കുന്നത് എസ്എഫ്ഐയുടെ സമരാഭാസത്തിന്റെ ഭാഗമായി കേരള സർവകലാശാല സ്റ്റുഡന്റ്സ് സർവീസ് മേധാവി പ്രഫസർ വിജയലക്ഷ്മിയെ അന്യായമായി തടങ്കലിൽവച്ച് ഭീഷണിപ്പെടുത്തുകയും, മാനസികമായും ശാരീരികമായും ഉപദ്രവിക്കുകയും ചെയ്തു എന്നതിന്റെ പേരിലാണ്. ഇതാണ് സിപിഎമ്മിന്റെ സമരസംസ്കാരം. ഇവർ തന്നെയാണ് സ്വാതന്ത്ര്യത്തെപ്പറ്റിയും സമാധാനത്തെപ്പറ്റിയും, സ്ത്രീ സുരക്ഷയെപ്പറ്റിയും പറയുന്നത്…