മുംബൈ: അസൂയാലുക്കളിൽനിന്നു രക്ഷപ്പെടാൻ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിന്റെ ഡയറക്ടർ റോബർട്ട് കീ അപാര തൊലിക്കട്ടി കൈവരിക്കണമെന്ന് മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി. 2014 മുതൽ 2021 വരെയുള്ള കാലയളവിൽ ഇന്ത്യൻ ദേശീയ ടീമിന്റെ കോച്ചിങ് സ്റ്റാഫിൽ സുപ്രധാന പദവി വഹിച്ചിരുന്ന ശാസ്ത്രി യുകെയിലെ ‘ദ് ഗാർഡിയൻ’ ദിനപത്രത്തിനോടാണ് ഇത്തരത്തിൽ പ്രതികരിച്ചത്.
ശാസ്ത്രിയെപ്പോലെതന്നെ, ദീർഘകാലം ക്രിക്കറ്റ് കമന്റേറ്റർ ആയിരുന്നു മുൻ ഇംഗ്ലിഷ് ഓപ്പണർ കൂടിയായിരുന്ന കീ. ഇരുവർക്കും ടീം കോച്ചിങ്ങിൽ കാര്യമായ മുൻപരിചയം ഉണ്ടായിരുന്നുമില്ല. ഈ സാഹചര്യത്തിലാണു ശാസ്ത്രിയുടെ പ്രതികരണം. ‘എനിക്ക് ഒരു കോച്ചിങ് ബാഡ്ജും ഉണ്ടായിരുന്നില്ല. ഇന്ത്യ പോലൊരു രാജ്യത്ത്, നിങ്ങൾ ഏങ്ങനെയെങ്കിലും ഒന്നു തോറ്റു കാണാനാണ് അസൂയാലുക്കളുടെ പറ്റം കാത്തിരിക്കുന്നത്. പക്ഷേ, എന്റെ തൊലിക്കട്ടി അപാരമായിരുന്നു. നമ്മൾ കാണാറുള്ള ഡ്യൂക്സ് പന്തിന്റെ തോലിനെക്കാൾ കട്ടി. മുന്നോട്ടുള്ള യാത്രയിൽ റോബിനും ഈ തൊലിക്കട്ടി ഉണ്ടാകും. ടീമിന്റെ മുൻവിധികളും സിദ്ധാന്തങ്ങളും പൊളിച്ചെഴുതുക എന്നതു വളരെ പ്രധാനപ്പെട്ട കാര്യമാണ്’– ശാസ്ത്രി പറഞ്ഞു. തുടർച്ചയായ 2 പര്യടനങ്ങളിൽ ഇന്ത്യ ഓസ്ട്രേലിയയെ തോൽപിച്ചതിന്റെ കാരണവും ഇതാണെന്നു ശാസ്ത്രി പറയുന്നു.
‘നമ്മൾ എങ്ങനെ കളിക്കണമെന്ന പുതിയൊരു സിദ്ധാന്തം കൂടി രൂപപ്പെടുത്തുകയായിരുന്നു. ആക്രമണോത്സുകത പ്രകടിപ്പിച്ചുക, നിഷ്ഠൂരരാകുക, ഫിറ്റ്നെസ്സ് നിലവാരം കാര്യമായി വർധിപ്പിക്കുക, വിദേശ പര്യടനങ്ങളിൽ 20 വിക്കറ്റുകൾ വീഴ്ത്താൻ പോന്ന പേസ് നിരയെ വിന്യസിക്കുക. ഇങ്ങനെ പോകുന്നു കാര്യങ്ങൾ. ഓസ്ട്രേലിയയിൽ കളിക്കുമ്പോൾ, പെരുമാറ്റം എന്നതു വളരെ പ്രധാനമാണ്. ഇന്ത്യൻ താരങ്ങളോടു ഞാൻ പറഞ്ഞു ഓസീസ് താരങ്ങൾ ഒരു തെറി വിളിച്ചാൽ തിരിച്ചു 3 തെറി വിളിക്കണം എന്ന്. രണ്ടെണ്ണം നമ്മുടെ ഭാഷയിലും ഒന്ന് അവരുടെ ഭാഷയിലും’– ശാസ്ത്രി പറഞ്ഞു. ഇംഗ്ലണ്ട് ടീമിലെ പ്രശ്നങ്ങളും പ്രതിസന്ധികളും മനസ്സിലാക്കാൻ റോബർട്ട് കീക്ക് അൽപം സമയം വേണ്ടിവരുമെന്നും ടെസ്റ്റ് ടീം ക്യാപ്റ്റൻ ജോ റൂട്ടുമായി ഇതു സംബന്ധിച്ച് ദീർഘമായ സംഭാഷണം നടത്തേണ്ടതുണ്ടെന്നും ശാസ്ത്രി പറഞ്ഞു.