ദിഫു : വടക്ക് കിഴക്കന്‍ മേഖലയില്‍ നിന്ന് അഫ്സ്പ പൂര്‍ണമായി പിൻവലിക്കാന്‍ ഉള്ള ശ്രമത്തിലാണ് കേന്ദ്രസർക്കാരെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അസമിലെ ദിഫുവില്‍ നടന്ന സമാധാന റാലിയിലാണ് മോദിയുടെ പ്രഖ്യാപനം. കഴിഞ്ഞ എട്ട് വര്‍ഷമായി മേഖലയില്‍ ക്രമസമാധാന പ്രശ്നങ്ങള്‍ കുറഞ്ഞുവരികയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ വിവിധ വികസന പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.
വര്‍ഷങ്ങളായി വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ അഫ്സ്പ ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ 2014 ന് ശേഷം മേഖലയിലെ ക്രമസമാധാന പ്രശ്നങ്ങള്‍ 75 ശതമാനം കുറഞ്ഞു. അതിനാല്‍ ത്രിപുരയിലും മേഘാലയിലും അഫ്സ്പ പിന്‍വലിക്കാന്‍ കഴിഞ്ഞു. ബിജെപിയുടെ ഇരട്ട എഞ്ചിൻ സർക്കാര്‍ സംസ്ഥാനത്ത് സമാധാനവും വികസനവും കൊണ്ടുവരികയാണെന്ന് മോദി ദിഫുവില്‍ പറഞ്ഞു. വടക്ക് കിഴക്കൻ മേഖലയില്‍ നിന്ന് പൂര്‍ണമായി അഫ്സപ പിൻവലിക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. അഫ്സപ പിൻവലിക്കണമെന്ന് വടക്ക് കിഴക്കന്‍ മേഖലയില്‍ ആവശ്യം ശക്തമായി നിലനില്‍ക്കുന്ന സാഹചര്യത്തിലായിരുന്നു മോദിയുടെ വാഗ്ദാനം. മുൻ സർക്കാരുകള്‍ അഫ്സ്പ ഏർപ്പെടത്തുന്നത് നീട്ടുന്നു. എന്നാല്‍ ഈ സർക്കാര്‍ അസമില്‍ 23 ഇടത്ത് നിന്ന് അഫ്സപ നീക്കി. മറ്റിടങ്ങളില്‍ നിന്നും ഭാവിയിൽ അഫ്സപ നീക്കും – മോദി പറഞ്ഞു.
അസമില്‍ വിവിധ വികന പദ്ധതികളും മോദി ഉദ്ഘാടനം ചെയ്തു. 7 ക്യാന്‍സര്‍ ആശുപത്രികളുടെ ഉദ്ഘാടനവും 7 ആശുപത്രികളുടെ തറക്കല്ലിടലും നിർവഹിച്ചു. നാലായിരം കോടി രൂപ മുടക്കി സംസ്ഥാന സർക്കാരും ടാറ്റാ ഗ്രൂപ്പും ചേർന്നാണ് ആശുപത്രികള്‍ നിര്‍മിക്കുന്നത്. സൗത്ത് ഏഷ്യയിലെ ഏറ്റവും വലിയ ക്യാന്‍സർ കെയര്‍ സെന്‍ററാണ് ഇത്.