ഹൈദരാബാദ് : കക്കൂസ് വൃത്തിയാക്കുന്ന പാനീയം അകത്ത് ചെന്ന് തെലങ്കാനയിൽ ഗർഭിണി മരിച്ചു. യുവതിയുടെ ഭർത്താവാണ് ഇവരെ ഇത് കുടിക്കാൻ നിർബന്ധിച്ചതെന്നും ഭാര്യ മരിച്ചതോടെ പ്രതി ഓടി രക്ഷപ്പെട്ടുവെന്നും പോലീസ് അറിയിച്ചു. തെലങ്കാനയിലെ നിസാമാബാദ് ജില്ലയിലെ വർണി മണ്ഡലിലെ രാജ്പേട്ട് തണ്ടയിൽ ഏപ്രിൽ 27 ബുധനാഴ്ചയാണ് സംഭവം നടന്നത്. പ്രതിയെ പിടികൂടാൻ പോലീസ് പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.
ഭർത്താവ് തരുൺ നാല് വർഷം മുമ്പാണ് മരിച്ച കല്യാണിയെ വിവാഹം കഴിച്ചത്. മൂന്ന് മാസം മുമ്പ്, കല്യാണി ഗർഭിണിയായപ്പോൾ മുതൽ തരുൺ അവളെ പീഡിപ്പിക്കാൻ തുടങ്ങി. അവൾ സുന്ദരിയല്ലെന്നായിരുന്നു ഇയാളുടെ ആരോപണം. വീട്ടുകാരിൽ നിന്ന് കൂടുതൽ സ്ത്രീധനം ലഭിക്കുന്നതിനായി ഇയാൾ അവളെ തുടർച്ചയായി ഉപദ്രവിച്ചിരുന്നതായി വർണി പോലീസ് പറഞ്ഞു. ചൊവ്വാഴ്ച ഇരുവരും തമ്മിൽ തർക്കമുണ്ടായതിനെ തുടർന്ന് തരുൺ കല്യാണിയെ ടോയ്‌ലറ്റ് ക്ലീനിംഗ് ലിക്വിഡ് കുടിക്കാൻ നിർബന്ധിച്ചു. ഇത് കഴിച്ച കല്യാണിയുടെ നില ഗുരുതരമായി. അവളുടെ വീട്ടുകാർ അവളെ ചികിത്സയ്ക്കായി നിസാമാബാദിലെ സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
എന്നാൽ ചികിത്സയിലിരിക്കെ ബുധനാഴ്ച കല്യാണി മരിച്ചു. തരുണിനും കുടുംബത്തിനുമെതിരെ കല്യാണിയുടെ ബന്ധുക്കൾ പരാതി നൽകി. അധിക സ്ത്രീധനത്തിന്റെ പേരിൽ അവർ തന്നെ പീഡിപ്പിക്കുകയും ടോയ്‌ലറ്റ് ക്ലീനിംഗ് ലിക്വിഡ് കഴിക്കാൻ നിർബന്ധിക്കുകയും ചെയ്തുവെന്ന് കല്യാണി മൊഴി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ തരുണിനും രണ്ട് കുടുംബാംഗങ്ങൾക്കുമെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 302, 304-ബി, 498-എ വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്തു. പ്രതികൾ ഇപ്പോൾ ഒളിവിലാണ്, ഇവരെ പിടികൂടാൻ പോലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.