വർക്കല: ചെറുന്നിയൂരിൽ ഭർതൃഗൃഹത്തിലെ കിടപ്പുമുറിയിൽ യുവതി രണ്ടര വയസ്സുള്ള മകളുമായി തൂങ്ങിമരിച്ചനിലയിൽ. ചെറുന്നിയൂർ കല്ലുമലക്കുന്ന് മേൽക്കോണം എസ്എസ് നിവാസിൽ സുജിത്തിന്റെ ഭാര്യ ശരണ്യ (22)യും മകൾ നക്ഷത്രയുമാണ് മരിച്ചത്. ഗാർഹിക പീഡനമാണ് കാരണം. വ്യാഴം വൈകിട്ടോടെയാണ് സംഭവം.18 വർഷംമുമ്പ് അമ്മ മരിച്ച ശരണ്യ അമ്മൂമ്മയുടെ സംരക്ഷണയിലാണ് വളർന്നത്. നാലുവർഷം മുമ്പായിരുന്നു സ്വകാര്യ ബസ് ഡ്രൈവറായ സുജിത്തുമായി വിവാഹം.
സുജിത്തിന്റെ അച്ഛൻ വിദേശത്തും അമ്മ മറ്റൊരു വീട്ടിലുമാണ് താമസം. സുജിത്ത് ഭാര്യയെ പതിവായി മർദിക്കാറുണ്ടെന്നും മദ്യപിച്ചു വഴക്കുണ്ടാക്കുന്നതു പതിവാണെന്നും അയൽവാസികൾ പറഞ്ഞു. രണ്ടു തവണ വർക്കല പൊലീസിൽ ശരണ്യ പരാതി നൽകിയിരുന്നു. അപ്പോഴൊക്കെ ഇനി പ്രശ്നങ്ങൾ ഉണ്ടാക്കില്ലെന്ന് സ്റ്റേഷനിൽവച്ച് ഉറപ്പുനൽകി സുജിത്ത് കൂട്ടിക്കൊണ്ട് പോകുകയാണുണ്ടായത്. മാസങ്ങൾക്കുമുമ്പ് വഴക്കിനിടെ ശരണ്യ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.
വ്യാഴാഴ്ച സുജിത്ത് ജോലിക്ക് പോകാതെ വീട്ടിലിരുന്ന് മദ്യപിക്കുകയും ശരണ്യക്ക് സഹോദരൻ വാങ്ങിക്കൊടുത്ത മൊബൈൽ ഫോണിനെ ചൊല്ലി വഴക്കിടുകയുമുണ്ടായി. ഉച്ചയോടെ ഭാര്യയെയും കുഞ്ഞിനെയും ക്രൂരമായി മർദിച്ചു. രക്ഷപ്പെടാൻ ശരണ്യ സുജിത്തിനുമേൽ മുളക്പൊടി വിതറി. തുടർന്ന് സുജിത്ത് വീട്ടിൽനിന്ന് ഇറങ്ങിപ്പോയി. വൈകിട്ട് തിരിച്ചെത്തിയപ്പോൾ വീട് പൂട്ടിക്കിടക്കുന്നതാണ് കണ്ടത്. ഇയാൾ വാതിൽ ചവിട്ടിത്തുറന്നപ്പോഴാണ് കിടപ്പുമുറിയിൽ വെള്ളമുണ്ടിൽ ഒരറ്റത്ത് കുഞ്ഞിനെയും മറ്റേ അറ്റത്ത് ശരണ്യയും കുരുക്കിട്ട് തൂങ്ങിയനിലയിൽ കണ്ടത്. ബഹളംകേട്ട് അയൽവാസികളെത്തി പൊലീസിൽ അറിയിച്ചു. പൊലീസ് സുജിത്തിനെ കസ്റ്റഡിയിലെടുത്ത് വീട് സീൽ ചെയ്തു.
ശരണ്യയുടെയും കുഞ്ഞിന്റെയും ദേഹത്ത് മർദനത്തിന്റെ പാടുകളുണ്ട്. ശരണ്യ കുഞ്ഞിന്റെ കഴുത്തിൽ കുരുക്കിട്ടശേഷം ആത്മഹത്യ ചെയ്തതാകാമെന്നാണ് പ്രാഥമിക നിഗമനം. വാമനപുരം പുളിമാത്ത് പേടികുളം ഊട്ടുകുളങ്ങര ലക്ഷംവീട്ടിൽ പരേതയായ സന്ധ്യാകുമാരിയുടെ മകളാണ് ശരണ്യ.