കൊച്ചി ∙ ഇടുക്കി എയർസ്ട്രിപ് നിർമാണം വനം, വന്യജീവി ആവാസ വ്യവസ്ഥയ്ക്ക് കോട്ടം തട്ടില്ലെന്ന് എൻസിസി ഹൈക്കോടതിയിൽ. വായു മലിനീകരണം നിയന്ത്രിക്കാനുള്ള നടപടികൾ കൈക്കൊള്ളും. 2017ൽ ആരംഭിച്ച പദ്ധതിക്കെതിരെ അവസാന ഘട്ടത്തിൽ ഹർജി വന്നത് സംശയകരമാണ്. ഇടുക്കി എയർസ്ട്രിപ്പിനെ ഭാവിയിൽ പരിസ്ഥിതിസൗഹൃദ ഗ്രീൻ എയർ സ്ട്രിപ്പാക്കി മാറ്റുമെന്നും എൻസിസി കോടതിയെ അറിയിച്ചു.
ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള നാഷനൽ കെഡറ്റ് കോറിന്റെ കേരള ആൻഡ് ലക്ഷദ്വീപ് ഡയറക്ടറേറ്റിന്റെ പരിധിയിൽ വരുന്ന എയർവിങ് എൻസിസിയുടേതാണ് എയർസ്ട്രിപ്. റവന്യു വകുപ്പ് അനുവദിച്ച 12 ഏക്കർ സ്ഥലത്ത് 2017 ലാണ് എയർസ്ട്രിപ്പിന്റെ നിർമാണം തുടങ്ങിയത്. 15 സീറ്റുവരെയുള്ള ചെറുവിമാനങ്ങൾക്ക് ഇറങ്ങാവുന്ന എയർസ്ട്രിപ്പാണിത്.