മറയൂർ: ശര്‍ക്കരയ്ക്ക് ജിഎസ്ടി ഈടാക്കാനുള്ള തീരുമാനത്തിൽ ആശങ്കയുമായി മറയൂരിലെ ഉൽപാദകര്‍. കടുത്ത നഷ്ടത്തിലൂടെ കടന്നു പോകുന്ന വ്യവസായത്തെ കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന നീക്കമാണിതെന്ന് ശര്‍ക്കര ഉൽപാദകര്‍ പറയുന്നു. വിലയിടിവും, വ്യാജന്റെ കടന്നുവരവും മൂലം കടുത്ത പ്രതിസന്ധിയിലാണ് മറയൂര്‍ ശര്‍ക്കര വ്യവസായം. ഭൗമ സൂചിക പദവി ഉണ്ടെങ്കിലും അതിന്റെ ഒരു ഗുണവും ഇവർക്ക് കിട്ടുന്നില്ല. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ പകുതിയോളം പേര്‍ വ്യവസായം ഉപേക്ഷിച്ചു. ജിഎസ്ടി കൂടി ഈടാക്കാൻ തുടങ്ങിയാൽ ബാക്കിയുള്ളവര്‍ കൂടി പിന്തിരിയുമെന്നാണ് ശര്‍ക്കര ഉൽപാദകര്‍ പറയുന്നത്. ശര്‍ക്കരക്ക് കേന്ദ്ര സര്‍ക്കാര്‍ അഞ്ച് ശതമാനമാണ് ജിഎസ്ടി നിശ്ചയിച്ചിരിക്കുന്നത്. നേരത്തെ സംസ്ഥാന സര്‍ക്കാര്‍ ശര്‍ക്കരയ്ക്ക് നികുതി ഏര്‍പ്പെടുത്തിയിരുന്നെങ്കിലും കര്‍ഷകരുടെ പ്രതിസന്ധി മനസിലായതോടെ പിൻവലിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരും ഇതുപോലെ പിന്മാറുമെന്നാണ് കർഷകരുടെ പ്രതീക്ഷ.