കാസര്‍കോഡ് : ചെറുവത്തൂരില്‍ ഷവര്‍മ്മയില്‍ നിന്നുണ്ടായ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് വിദ്യാര്‍ത്ഥി മരിച്ച സംഭവം കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുകയാണ്. കണ്ണൂര്‍ പെരളം സ്വദേശിയായ ദേവനന്ദയാണ് ഇന്നലെ ചികിത്സയിലിരിക്കെ മരിച്ചത്. വിവിധ ആശുപത്രികളിലായി 18 പേര്‍ ചികിത്സയില്‍ തുടരുകയും ചെയ്തിരുന്നു. ഇപ്പോള്‍ ചികിത്സയില്‍ തുടരുന്നവരുടെ എണ്ണം 31 ആയിട്ടുണ്ട്.
വിഷയത്തില്‍ പ്രതികരണവുമായി മന്ത്രി എം വി ഗോവിന്ദനും എത്തി. കാസര്‍കോട്ടെ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനമൊട്ടാകെ പരിശോധന നടത്തുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. ഭക്ഷ്യവിഷബാധയുണ്ടായ റെസ്‌റ്റോറന്റിന് ലൈസന്‍സുണ്ടായിരുന്നില്ല എന്ന വാര്‍ത്ത പിന്നീടാണ് പുറത്തുവന്നത്. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.
ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നവരെ മന്ത്രി സന്ദര്‍ശിക്കുകയും ചെയ്തു. സംസ്ഥാനത്ത് ആകെയും ഗുണമേന്മയുള്ള ഭക്ഷണമാണ് ഹോട്ടലുകളില്‍ നല്‍കുന്നതെന്ന് ഉറപ്പുവരുത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.ചെറുവത്തൂരില്‍ ഷവര്‍മ്മയില്‍ ഉപയോഗിച്ചിരുന്ന മയൊണൈസ് പഴകിയതായിരുന്നുവെന്നും ഇതാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമായതെന്നുമാണ് പ്രാഥമികമായ വിലയിരുത്തല്‍. എന്നാലിക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗികമായ സ്ഥിരീകരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല.