കൊച്ചി ∙ തൃക്കാക്കരയിൽ ആം ആദ്മി പാർട്ടിയും (എഎപി) ട്വന്റി20യും ചേർന്നു പൊതു സ്ഥാനാർഥിയെ നിർത്തുമെന്നു ട്വന്റി20 ചീഫ് കോഓർഡിനേറ്റർ സാബു എം.ജേക്കബ്. ഇരു കൂട്ടർക്കും സ്വീകാര്യനായ സ്ഥാനാർഥിയെ അടുത്ത ദിവസം തന്നെ പ്രഖ്യാപിക്കും. എഎപിയും ട്വന്റി20യും ചേർന്നു തൃക്കാക്കരയിൽ ബദൽ ശക്തിയായി മാറും.
ദേശീയ തലത്തിൽ ഭരണമികവു തെളിയിച്ച എഎപിയുമായുള്ള സഖ്യം എൽഡിഎഫ്– യുഡിഎഫ് മുന്നണികൾക്കു ബദലാകും. ചിഹ്നം പിന്നീടു തീരുമാനിക്കും. അല്ലാതെ ട്വന്റി20യുടെ സ്ഥാനാർഥിയെ നിർത്തണം, എഎപിയുടെ സ്ഥാനാർഥിയെ നിർത്തണം എന്നൊന്നും ഉള്ള താൽപര്യങ്ങളില്ല. അണികളുടെ വികാരവും അതാണ്. സ്ഥാനാർഥി വിജയിക്കുക എന്നതിനാണു മുൻഗണന. ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ഡൽഹിയിൽ നിന്നുള്ള എഎപി സംഘം കൊച്ചിയിൽ ക്യാംപ് ചെയ്യുന്നുണ്ട്. ട്വന്റി20യുമായി അവർ ചർച്ചകൾ നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു. 15നു വൈകിട്ട് 6നു കിഴക്കമ്പലം കിറ്റെക്സ് ഗാർമെന്റ്സ് അങ്കണത്തിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ പ്രസംഗിക്കും.