തിരുവനന്തപുരം∙ കെഎസ്ആർടിസി 65 കോടി രൂപ ആവശ്യപ്പെട്ടെങ്കിലും ഇപ്രാവശ്യവും 30 കോടി മാത്രം അനുവദിച്ച ധനവകുപ്പ് എല്ലാ മാസവും ഇത്രയും തുക മാത്രമേ നൽകാനാകൂവെന്നും അറിയിച്ചു. ഏപ്രിലിലെ ശമ്പളം ഈ മാസം 5നു മുൻപു നൽകിയില്ലെങ്കിൽ 6ന് 24 മണിക്കൂർ പണിമുടക്കിനു നോട്ടിസ് നൽകിയിരിക്കുകയാണ് ടിഡിഎഫും ബിഎംഎസും. ആകെ 82 കോടിയാണു ശമ്പളത്തിനു വേണ്ടത്. ബാക്കി 52 കോടി കണ്ടെത്തി ശമ്പളം നൽകിയില്ലെങ്കിൽ പണിമുടക്ക് നേരിടേണ്ടി വരും.
എല്ലാ മാസവും 5ന് മുൻപ് ശമ്പളം വിതരണം ചെയ്യുമെന്നു ശമ്പളക്കരാർ ഒപ്പിട്ടപ്പോൾ മാനേജ്മെന്റുമായി ട്രേഡ് യൂണിയനുകൾ ധാരണ ഉണ്ടാക്കിയിരുന്നു. കഴിഞ്ഞ മാസം വിഷു, ഇൗസ്റ്റർ സമയത്തു ശമ്പളമില്ലാതെ ബുദ്ധിമുട്ടിയ ജീവനക്കാർ വലിയ പ്രതിഷേധമുയർത്തി. തുടർന്നാണ് ട്രേഡ് യൂണിയനുകൾ സമരത്തിലേക്കു തിരിഞ്ഞത്.