ലക്‌നൗ: മുഖ്യമന്ത്രിയായതിനു ശേഷം ആദ്യമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്റെ അമ്മയ കണ്ടു. ‘അമ്മ’ എന്ന ശീർഷകത്തിൽ കൂടിക്കാഴ്ചയുടെ ചിത്രം യോഗി ട്വീറ്റ് ചെയ്തു. അമ്മ സാവിത്രി ദേവിയുടെ പാദങ്ങളിൽ യോഗി നമസ്കരിക്കുന്നതും അമ്മ അനുഗ്രഹിക്കുന്നതും ചിത്രത്തിലുണ്ട്. ഉത്തരാഖണ്ഡിലെ പൗരി ജില്ലയിലെ പഞ്ചൂർ ഗ്രാമത്തിലാണ് യോഗി ആദിത്യനാഥിന്റെ വീട്. ചൊവ്വാഴ്ച ഗ്രാമത്തിലെത്തിയ മുഖ്യമന്ത്രി, രാത്രി അവിടെ ചെലവഴിക്കുകയും ബന്ധുവിന്റെ വീട്ടിൽ നടക്കുന്ന ചടങ്ങുകളിൽ പങ്കെടുക്കുകയും ചെയ്തു. രാഷ്ട്രീയ പരിപാടികളിലും പൊതുയോഗങ്ങളിലും പങ്കെടുക്കുന്നതിനായാണ് അദ്ദേഹം ഉത്തരാഖണ്ഡിൽ എത്തിയത്. രാഷ്ട്രീയ പരിപാടികൾക്കായി മുൻപും യോഗി ആദിത്യനാഥ് ഉത്തരാഖണ്ഡിൽ എത്തിയിരുന്നുവെങ്കിലും അന്നൊന്നും പഞ്ചൂരിലെത്തിയിരുന്നില്ല.
2017ല്‍ മുഖ്യമന്ത്രി സ്ഥാനത്തെത്തുന്നതിനു മുമ്പ് ഉത്തരാഖണ്ഡിലെ ബിജെപി സ്ഥാനാര്‍ഥി റിതു ഖണ്ഡൂരിയ്ക്കായി പ്രചാരണത്തിനെത്തിയപ്പോഴാണ് അദ്ദേഹം ഒടുവില്‍ അമ്മയെ കണ്ടത്. 2020 ഏപ്രിലിൽ ആദിത്യനാഥിന്റെ പിതാവ് ആനന്ദ് സിങ് ബിസ്‌തയുടെ സംസ്കാര ചടങ്ങിലും യോഗി പങ്കെടുത്തിരുന്നില്ല. കോവിഡ് മഹാമാരി പടര്‍ന്നു പിടിക്കുമ്പോള്‍ യുപിയിലെ 23 കോടി ജനങ്ങള്‍ക്കൊപ്പം ഒരു നിമിഷം പോലും മാറാതെ നിൽക്കാനാണ് തന്റെ തീരുമാനമെന്നാണ് അന്ന് യോഗി മാധ്യമങ്ങളോട് പ്രതികരിച്ചത്.തിരഞ്ഞെടുപ്പിൽ ജയിച്ച് അധികാരത്തിലെത്തിയ ശേഷം, ഇതാദ്യമായാണ് അദ്ദേഹം സ്വന്തം വീടും ബന്ധുക്കളെയും സന്ദർശിക്കുന്നത്. 28 വർഷങ്ങൾക്കു ശേഷം ആദ്യമായാണ് യോഗി ഒരു കുടുംബ പരിപാടിയിൽ പങ്കെടുക്കുന്നതെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.