ന്യൂഡൽഹി: ഹിന്ദിഭാഷ കൈകാര്യം ചെയ്യാൻ അറിയുന്നവരെ അതിർത്തിയിൽ നിയമിക്കാൻ ചൈന ഒരുങ്ങുന്നതായി റിപ്പോർട്ട്. ചൈനയിലെ വിവിധ സർവകലാശാലകളിൽ പഠിച്ച ബിരുദധാരികളെയാണ് യഥാർഥ നിയന്ത്രണ രേഖയിൽ (എൽഎസി) പരിഭാഷകരായി റിക്രൂട്ട് ചെയ്യാൻ പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) തയാറെടുക്കുന്നതെന്നാണ് ഇന്റലിജൻസ് വിവരം.
റിപ്പോർട്ട് പ്രകാരം, വെസ്റ്റേൺ തിയറ്റർ കമാൻഡിന് കീഴിലുള്ള ടിബറ്റ് മിലിട്ടറി ഡിസ്ട്രിക്റ്റ് അടുത്ത മാസത്തോടെ നിയമനപ്രക്രിയകൾ പൂർത്തീകരിക്കും. ഇന്ത്യയുമായുള്ള ചൈനയുടെ അതിർത്തികളടക്കം വെസ്റ്റേൺ തിയറ്റർ കമാൻഡാണ് നിരീക്ഷിക്കുന്നത്.
യഥാർഥ നിയന്ത്രണരേഖയിൽ, ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ സിക്കിം, അരുണാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവയുമായി അതിർത്തി പങ്കിടുന്ന ചൈനയുടെ പ്രദേശങ്ങളുടെ നിരീക്ഷണം ടിബറ്റ് മിലിട്ടറി ഡിസ്ട്രിക്റ്റിനാണ്. വെസ്റ്റേൺ തിയറ്റർ കമാൻഡിനു തന്നെ കീഴിലുള്ള ഷിൻജിയാങ് മിലിട്ടറി ഡിസ്ട്രിക്റ്റാണ് ലഡാക്കിനോട് അതിർത്തി പങ്കിടുന്ന പ്രദേശങ്ങൾ ഉൾപ്പെടെ നോക്കുന്നത്.
പിഎൽഎയിൽ ഹിന്ദി പരിഭാഷകരെ നിയമിക്കുന്ന വിവരം അറിയിക്കുന്നതിനായി ടിബറ്റ് മിലിട്ടറി ഡിസ്ട്രിക്റ്റിലെ ഉദ്യോഗസ്ഥർ കഴിഞ്ഞ രണ്ടു മാസത്തിനിടെ ചൈനയിലെ നിരവധി കോളജുകളും സർവകലാശാലകളും സന്ദർശിച്ചതായി രഹസ്യാന്വേഷണ വിവരങ്ങൾ സൂചിപ്പിക്കുന്നു.
ഇന്ത്യയുടെ വടക്കൻ അതിർത്തികളിലെ ക്യാംപുകളിലേക്ക് ഹിന്ദി സംസാരിക്കാൻ കഴിയുന്ന ടിബറ്റൻ പൗരന്മാരെ പിഎൽഎ സജീവമായി റിക്രൂട്ട് ചെയ്യുന്നതായി കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇന്റലിജൻസ് വിവരമുണ്ടായിരുന്നു. രഹസ്യാന്വേഷണ വിവരശേഖരണത്തിനും മറ്റു ജോലികൾക്കുമായി പിഎൽഎ സൈനികരെ ഹിന്ദി പഠിപ്പിക്കുന്നതായും റിപ്പോർട്ടുണ്ടായിരുന്നു. 2020 മേയ് മുതൽ കിഴക്കൻ ലഡാക്കിൽ ഇന്ത്യയും ചൈനയും തമ്മിൽ സംഘർഷം നിലനിൽക്കുന്നുണ്ട്.