തിരുവനന്തപുരം: പത്തു വയസുകാരിയായ മകളെ പീഡിപ്പിച്ച കേസിൽ ഡെപ്യുട്ടി തഹസിൽദാർക്ക് വിവിധ വകുപ്പുകളിലായി 17 വർഷം കഠിനതടവും 16,50,000 രൂപ പിഴയും ശിക്ഷ. പിഴ ഒടുക്കിയില്ലെങ്കിൽ രണ്ടു വർഷം കൂടി തടവ് അനുഭവിക്കണം. തിരുവനന്തപുരം പ്രിൻസിപ്പൽ പോക്‌സോ കോടതി ജഡ്ജി കെ.വി.രജനീഷിന്റെതാണ് വിധി.
നിയമപരമായി കുട്ടിയെ സംരക്ഷിക്കേണ്ട പിതാവ് തന്നെ, കുട്ടിയെ പീഡനത്തിന് വിധേയമാക്കുന്നത് അതി ഗുരുതര കുറ്റകൃത്യം ആണെന്നും പ്രതി യാതൊരു വിധത്തിലുള്ള ദയയും അർഹിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. കുട്ടിക്ക് നിയമപരമായ നഷ്ടപരിഹാരം നൽകണമെന്ന് സർക്കാരിനോടും നിർദേശിച്ചു.
2009 ലാണ് സംഭവം നടന്നത്. ഉറങ്ങി കിടക്കുകയായിരുന്ന കുട്ടിയെ പിതാവ് പീഡിപ്പിച്ചെന്നാണ് കേസ്. പീഡന വിവരം കുട്ടി വെളിപ്പെടുത്തിയതിനെ തുടർന്ന് അധ്യാപകർ നൽകിയ പരാതിയിൽ പാങ്ങോട് പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തത്. ക്രൈംബ്രാഞ്ച് ഡെപ്യുട്ടി സൂപ്രണ്ട് എ.പ്രമോദ് കുമാർ കുറ്റപത്രം സമർപ്പിച്ചു.കേസിൽ 19 സാക്ഷികളെ വിസ്തരിച്ചു. 21 രേഖകൾ തെളിവായി ഹാജരാക്കി. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കാട്ടായിക്കോണം ജെ.കെ.അജിത്പ്രസാദ് അഭിഭാഷകരായ വി.ഇസഡ്.ഹഷ്മി, വി.സി.ബിന്ദു എന്നിവർ ഹാജരായി.