കൊച്ചി: തൃക്കാക്കരയിലെ അരുൺകുമാറിന്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച ഫേസ്ബുക്ക് പോസ്റ്റ് പി വി ശ്രീനിജൻ എം എൽ എ പിൻവലിച്ചു. അരുൺ കുമാറാണ് സ്ഥാനാർത്ഥി എന്ന പേരിൽ ശ്രീനിജിൻ പോസ്റ്റ് ഇട്ടിരുന്നു. സിപിഎം ജില്ല കമ്മിറ്റി കൂടുന്നതിനു മുൻപായിരുന്നു നടപടി. വിഷയത്തിൽ പാർട്ടി നേതൃത്വം ഇടപെട്ടതോടെ പോസ്റ്റ് പിൻവലിക്കുകയായിരുന്നു. തനിക്ക് അബദ്ധം പറ്റിയതാണെന്നാണ് ശ്രീനിജന്റെ വിശദീകരണം.
തൃക്കാക്കരയിൽ അഡ്വ കെ എസ് അരുൺകുമാർ തന്നെ ഇടത് സ്ഥാനാർത്ഥിയാകാനാണ് സാധ്യത. ജില്ലാ കമ്മിറ്റി തീരുമാനം നാളെ ചേരുന്ന എൽഡിഎഫ് യോഗം അംഗീകരിച്ച ശേഷമാകും ഒദ്യോഗിക പ്രഖ്യാപനം. അതേസമയം മാധ്യമ വാർത്തകൾ ശരിയല്ലെന്നും സ്ഥാനാർത്ഥി ചർച്ച തുടരുകയാണെന്നും സിപിഎം നേതാക്കൾ വിശദീകരിച്ചു. പ്രഖ്യാപനം വരുന്നതിന് മുൻപ് കെ.എസ് അരുൺകുമാറിന് വേണ്ടി തുടങ്ങിയ ചുവരെഴുത്ത് നേതാക്കൾ ഇടപെട്ട് നിർത്തിവെപ്പിച്ചു.
വികസനം ചർച്ചയാക്കി വോട്ട് പിടിക്കാൻ യുവ സ്ഥാനാർത്ഥി എന്ന നിലയിലാണ് കെ.എസ് അരുൺകുമാറിന്‍റെ പേരിലേക്ക് സിപിഎം എത്തിയത്. ലെനിൻ സെന്ർററിൽ ചേർന്ന് ജില്ലാ സെക്രട്ടറിയേറ്റും പിന്നീട് ചേർന്ന് ജില്ലാ കമ്മിറ്റിയും അരുൺ കുമാറിന്‍റെ പേരാണ് നിർദ്ദേശിച്ചത്. തീരുമാനം വാർത്തയായി വന്നതിന് പിറകെ നേതാക്കൾ പരസ്യമായി ഇത് നിഷേധിച്ചു .
സ്ഥാനാർത്ഥിയുടെ പേര് മുന്നണിയിൽ ആലോചിക്കും മുൻപ് ഏകപക്ഷീയമായി തീരുമാനിച്ചെന്ന പഴി ഒഴിവാക്കാനാണ് പ്രഖ്യാപനം നാളത്തേക്ക് നീട്ടിയത്. നാളെ 11 മണിക്ക് എൽഡിഎഫ് യോഗ ചേർന്ന് പേര് ഒദ്യോഗികമായി അംഗീകരിക്കും. നേതാക്കൾ മാധ്യമങ്ങളെ വിമർശിക്കുമ്പോൾ മണ്ഡലത്തിൽ ചുവരെഴുത്ത് തുടങ്ങിയിരുന്നു. കാക്കനാടും പരിസരങ്ങളിലുമായിരുന്നു ബോർഡുകൾ എഴുതിത്തുടങ്ങിയത്. പ്രഖ്യാപനത്തിന് മുൻപുള്ള ചുവരെഴുത്തും വാർത്തയായതോടെ നേതാക്കൾ ഇടപെട്ട് പ്രചാരണ ബോർഡെഴുത്ത് നിർത്തിവെപ്പിച്ചു. പിന്നാലെ പ്രവർത്തകർ പെയിന്റുമായി മടങ്ങി. കെ റെയിലിനായുള്ള ഇടത് പ്രചാരണത്തിൽ സജീവമായ അരുൺകുമാറിനെ രംഗത്തിറക്കി വികസന അജണ്ട ഉയർത്താനാണ് സിപിഎം പദ്ധതി. സാമുദായിക പരിഗണന നോക്കാതെ ചിഹ്നത്തിൽ സ്ഥാനാർത്ഥിയെ നിർത്തി ശക്തമായ രാഷ്രീയ മത്സരത്തിന് കൂടിയാണ് സിപിഎം കളമൊരുക്കുന്നത്.