മിക്കവാറും ആന്ധ്ര– ഒഡിഷ തീരത്തേക്കോ മ്യാൻമർ തീരത്തേക്കോ ആകും ചുഴലിക്കാറ്റ് കരകയറുക. ബംഗാൾ ഉൾക്കടലിലെ സമുദ്രതാപനില ബുധനാഴ്ച 31ഡിഗ്രി സെൽഷ്യസാണ്. ഇത് സാധാരണയിലും നാലു ഡിഗ്രിയോളം കൂടുതലാണ്. കനത്ത ചൂടാണ് കടലിനെ ചുഴലിക്കാറ്റിന്റെ ഈറ്റില്ലമാക്കുന്നത്.രാജസ്ഥാൻ–മധ്യേന്ത്യൻ ഭൂവിഭാഗത്തിൽ നിന്ന് താപതരംഗ സമാനമായ വായുവിനെ വലിച്ചടുപ്പിക്കാനും ഈ ചുഴലിക്കാറ്റിനു കഴിയുമെന്നതിനാൽ കാലാവസ്ഥാ നിരീക്ഷകർ ജാഗ്രതയിലാണ്. മഴ മാത്രമല്ല താപതരംഗവും ചുഴലിയുടെ ചിറകിൽ ദക്ഷിണേന്ത്യയിലേക്കു പറന്നെത്താം.
∙ കാലവർഷത്തെ ത്വരിതപ്പെടുത്തും
മ്യാൻമർ ഉൾപ്പെടെ കിഴക്കനേഷ്യൻ രാജ്യങ്ങളിൽ കാലവർഷത്തിനു മുന്നോടിയായ ആദ്യമഴ എത്തിക്കാനും ഈ മഴ നിമിത്തമാകും. കേരളത്തിൽ ജൂൺ ഒന്നിനാണെങ്കിലും മ്യാൻമറിലും മറ്റും മേയ് 18 നാണ് സാധാരണ മഴ ആരംഭിക്കുക. മേയ് അവസാനത്തോടെ ആൻഡമാനിലും ശ്രീലങ്കയിലും എത്തി ഒന്നാം തീയതിയോടെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്കു കയറുക എന്നതാണ് കാലവർഷത്തിന്റെ പതിവുരീതി. ഇക്കുറി നാലോ അഞ്ചോ ദിവസം മുൻപേ മഴയെത്തിയാലും അതിശയിക്കാനില്ല.
∙ വിയർപ്പിന്റെ ‘ഉഷ്ണ ബൾബ്’ പ്രഭാവം
ഉത്തരേന്ത്യയിൽ ഇക്കുറി അസാധാരണമായ താപതരംഗമാണ് അനുഭവപ്പെട്ടതെന്ന് കാലാവസ്ഥാ വകുപ്പു തന്നെ വ്യക്തമാക്കുന്നു. കേരളത്തിൽ ഏപ്രിൽ ആദ്യം മുതൽ വേനൽമഴ ലഭിച്ചതു മൂലം ചൂടിന്റെ തീവ്രത അൽപ്പം കുറവായിരുന്നു. എന്നാൽ ‘വെറ്റ് ബൾബ് ഇഫക്ട്’ എന്ന പ്രതിഭാസം മൂലം ഇവിടെ അന്തരീക്ഷത്തിലെ ഈർപ്പവും ചൂടും കലർന്ന് കടുത്ത ചൂട് അനുഭവപ്പെടുന്ന സ്ഥിതിയാണ്.
കാലാവസ്ഥാ മാറ്റവുമായി ബന്ധപ്പെട്ട് അനുഭവപ്പെടുന്ന അസാധാരണമായ ചൂട് ശരീരത്തിനു താങ്ങാനാവാത്ത അവസ്ഥയാണ് ശാസ്ത്രജ്‍ഞർ ഉഷ്ണ ബൾബ് പ്രഭാവമായി പറയുന്നത്. പുറത്ത് സൂര്യതാപം മൂലം അനുഭവപ്പെടുന്ന ചൂട് 35 ഡിഗ്രി സെൽഷ്യസ് ആണെങ്കിലും ശരീരത്തിൽ ഇത് 40– 44 ഡിഗ്രിയായി തോന്നുമെന്നതാണ് ഇതിന്റെ പ്രത്യേകത. ഇതു മൂലം ശാരീരിക ക്ഷീണവും നിർജ്ജലീകരണവും അനുഭവപ്പെടാം. ഭൂമധ്യരേഖയോടു ചേർന്നു കിടക്കുന്ന കേരളം ഉൾപ്പെടെ ദക്ഷിണേന്ത്യ ഇപ്പോൾ ഉഷ്ണ ബൾബ് പ്രദേശമാണെന്നാണ് വിലയിരുത്തൽ.