കാസർകോട് : ചെറുവത്തൂരിലെ കൂൾബാറിൽ നിന്നുള്ള ഭക്ഷ്യവിഷബാധയിൽ ആശങ്ക അകലുന്നു. വിവിധ ആശുപത്രികളിൽ പ്രവേശിച്ചവരിൽ 23 പേരെ ഡിസ്ചാർജ് ചെയ്തു. ഭക്ഷണവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന എല്ലാ അതിഥി തൊഴിലാളികൾക്കും ആരോഗ്യ കാർഡ് നിർബന്ധമാക്കാനും ചെറുവത്തൂർ പഞ്ചായത്ത് തീരുമാനിച്ചു.
കാസർകോട്, കണ്ണൂർ ജില്ലകളിലെ അഞ്ച് ആശുപത്രികളിലായി 57 പേരാണ് ചികിത്സ തേടിയത്. 23 പേരെ ഡിസ്ചാർജ് ചെയ്തു. നീലേശ്വരം നഗരസഭ, ചെറുവത്തൂർ, കയ്യൂർ-ചീമേനി, പടന്ന, പിലിക്കോട്, തൃക്കരിപ്പൂർ പഞ്ചായത്തുകളിലാണ് ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്തത്. അതേസമയം, കൂൾബാർ സ്ഥിതി ചെയ്യുന്ന ചെറുവത്തൂർ പഞ്ചായത്ത് പ്രതിരോധനടപടികൾ കടുപ്പിച്ചു. ഷിഗെല്ല ബാധയുടെ പശ്ചാത്തലത്തിൽ അതിഥി തൊഴിലാളികൾക്ക് ആരോഗ്യകാർഡ് നിർബന്ധമാക്കാനും തീരുമാനിച്ചു.കാസർകോട് ജില്ലയിലെ ഭക്ഷണ നിർമാണ – വിതരണ കേന്ദ്രങ്ങളിലെ പരിശോധന തുടരും. കൂൾബാർ ഉടമ കുഞ്ഞഹമ്മദ് സ്വമേധയാ നാട്ടിൽ എത്തിയില്ലെങ്കിൽ ലുക്കൗട്ട് സർക്കുലർ പുറത്തിറക്കാനുള്ള നടപടികൾ സ്വീകരിക്കാൻ പൊലീസ് തീരുമാനിച്ചു. രണ്ടു ദിവസത്തിനുള്ളിൽ നോട്ടിസ് പുറത്തിറക്കാനുള്ള നടപടികൾക്കാണ് പൊലീസ് ഒരുക്കം.