തിരുവനന്തപുരം : കെഎസ്ഇബിയിൽ ഇടത് അനുകൂല ഓഫീസേഴ്സ് അസോസിയേഷന്റെ സമരം ഒത്തുതീർപ്പാക്കുന്നതിന് ഊർജ്ജ സെക്രട്ടറി വിളിക്കുന്ന ചർച്ച ഇന്ന് നടന്നേക്കും. ഹൈക്കോടതി നിർദേശ പ്രകാരമാണ് ചർച്ച നടക്കുന്നത്. തൊഴിലാളി യൂണിയനുകളും ചെയർമാനുമായുള്ള തർക്കം തീർക്കാൻ കഴിഞ്ഞ ദിവസം വൈദ്യുതിമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ധാരണയിലെത്തിയിരുന്നു. സമരത്തിന്മേൽ ഡയസ്നോൺ ഏർപ്പെടുത്തിയത് പിൻവലിക്കണമെന്ന നിർദേശം യൂണിയനുകൾ ഉയർത്തിയിട്ടുണ്ട്. അച്ചടക്ക നടപടിയുടെ ഭാഗമായുള്ള സസ്പെൻഷൻ, സ്ഥലം മാറ്റ നടപടികളിൽ പുനഃപരിശോധന ഉണ്ടാകാൻ സാധ്യതയുണ്ട്. പരസ്പരം പ്രകോപനമൊഴിവാക്കി മുന്നോട്ടുപോകാനാണ് മന്ത്രി നൽകിയ നിർദേശം.
ചർച്ചയിലെ ധാരണ അസോസിയേഷൻ നേതാക്കൾക്ക് ഇനിയുണ്ടാകുന്ന ഒഴിവുകൾക്ക് അനുസരിച്ച് അവർക്ക് കൂടി സൗകര്യപ്രദമായ സ്ഥലങ്ങളിലേക്ക് പുനർസ്ഥലം മാറ്റം നൽകും. സമരത്തിന്റെ പേരിൽ എടുത്ത അച്ചടക്ക നടപടികൾ ഉടൻ പൂർത്തിയാക്കി അവസാനിപ്പിക്കും. അച്ചടക്കനടപടിയുടെ പേരിൽ അസോസിയേഷൻ ജനറൽ സെക്രട്ടറിയുടെ പ്രൊമോഷൻ തടഞ്ഞ നടപടി പുന:പരിശോധിക്കും.