കഴിഞ്ഞ ദിവസമാണ് തൃക്കാക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥി നിർണയം നടന്നത്. ഡോ. ജോ ജോസഫാണ് സ്ഥാനാർത്ഥി. ഈ അവസരത്തിൽ നടൻ ഹരീഷ് പേരടി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റാണ് ശ്രദ്ധനേടുന്നത്. സ്ഥാനാർഥി നിർണയത്തിൽ മതങ്ങളിലേക്കു പടരുകയും പ്രസംഗത്തിൽ മാനവികത എന്ന കോമഡിയിലേക്ക് ചുരുങ്ങാനും തയാറുള്ള പാർട്ടിയാണ് എൽഡിഎഫെന്ന് ഹരീഷ് പേരടി കുറിക്കുന്നു. നടിയെ ആക്രമിച്ച കേസിൽ പി.ടിയില്ലായിരുന്നെങ്കിൽ ഒരു അതിജീവിത തന്നെ ഉണ്ടാകുമായിരുന്നില്ലെന്നും പേരടി കുറിക്കുന്നു.
ഹരീഷ് പേരടിയുടെ പോസ്റ്റ്
അയാൾ സഭയുടെ കുട്ടിയാണ്…സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഞങ്ങൾ മതങ്ങളിലേക്ക് പടരും…പ്രസംഗത്തിൽ ഞങ്ങൾ മാനവികത എന്ന കോമഡിയിലേക്കും ചുരുങ്ങും..തൃക്കാക്കരയിൽ LDF മതത്തെ എങ്ങിനെ ഉപയോഗിക്കണമെന്നുള്ള വർഗ്ഗിയതയുടെ തലച്ചോറ് പക്ഷമാകുമ്പോൾ..സഭയുടെ തീരുമാനങ്ങൾക്കുമുന്നിൽ പലപ്പോഴും എതിർപക്ഷമായ പി.ടി യോടുള്ള സ്നേഹം കൊണ്ട് ഉമ UDFന്റെ സ്ഥാനാർത്ഥിയാകുമ്പോൾ അത് യഥാർത്ഥ ഹൃദയ പക്ഷമാകുന്നു…എന്തിനേറെ..നടിയെ ആക്രമിച്ച കേസിൽ പി.ടിയില്ലായിരുന്നെങ്കിൽ ഒരു അതിജീവിത തന്നെ ഉണ്ടാകുമായിരുന്നില്ല…നമുക്ക് അറിയാനുള്ളത് ഇത്രമാത്രം..കുറക്കന്റെ തലച്ചോറിനാണോ കഴുതയുടെ ഹൃദയത്തിനാണോ ജനാധിപത്യത്തിൽ സ്ഥാനമുണ്ടാവുക എന്ന് മാത്രം…
കോതമംഗലം സ്വദേശിയായ ജോ ജോസഫ് ലിസി ഹോസ്പിറ്റലിലെ ഹൃദ്രോഗ വിദഗ്ധനാണ്. സിപിഎം പാർട്ടി ചിഹ്നത്തിലാകും അദ്ദേഹം തൃക്കാക്കരയിൽ മത്സരിക്കുക. എൽഡിഎഫ് കൺവീനർ ഇപി ജയരാജനാണ് വാർത്താസമ്മേളനത്തിൽ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്. മണ്ഡലത്തിലെ സ്ഥാനാർത്ഥിക്കായി ഒരു പേര് മാത്രമാണ് ചർച്ച ചെയ്തതെന്നും പ്രഖ്യാപനത്തിൽ കാലതാമസമുണ്ടായിട്ടില്ലെന്നും ഇപി വിശദീകരിച്ചു.