കുവൈത്ത് സിറ്റി: കുവൈത്തിന്റെ വിവിധ ഭാഗങ്ങള്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്താന്‍ ലക്ഷ്യമിട്ട് അധികൃതര്‍ നടത്തുന്ന പരിശോധനകള്‍ തുടരുന്നു. കഴിഞ്ഞ ദിവസം അഹ്‍മദി ഗവര്‍ണറേറ്റ് സെക്യൂരിറ്റി ഡയറക്ടറേറ്റിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്‍ഡുകളില്‍ അഞ്ച് മദ്യ നിര്‍മാണ കേന്ദ്രങ്ങള്‍ കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു.
മഹ്‍ബുലയില്‍ നടത്തിയ പരിശോധനകളിലാണ് മദ്യം നിര്‍മിച്ച് കുപ്പികളിലാക്കി വില്‍പന നടത്തുന്ന കേന്ദ്രങ്ങള്‍ കണ്ടെത്തിയത്. മദ്യ വില്‍പനയ്‍ക്ക് ഉപയോഗിച്ചിരുന്ന രണ്ട് വാഹനങ്ങളും പിടിച്ചെടുത്തു. അനധികൃതമായി തെരുവുകളില്‍ കച്ചവടം നടത്തിയ 13 പേരെയും പരിശോധനകളില്‍ അറസ്റ്റ് ചെയ്‍തു. താമസ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് കഴിഞ്ഞുവന്നിരുന്ന നാല് പേരും തിരിച്ചറിയല്‍ രേഖകളൊന്നും കൈവശമില്ലാതിരുന്ന ആറ് പേരും പിടിയിലായി.ഭക്ഷണം വിതരണം ചെയ്‍തിരുന്ന വാഹനങ്ങളും കഴിഞ്ഞ ദിവസം അധികൃതര്‍ പരിശോധിച്ചു. നിയമ ലംഘനങ്ങള്‍ കണ്ടെത്തിയ 16 ഫുഡ് ഡെലിവറി വാഹനങ്ങള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചതായും കുവൈത്തിലെ പ്രാദേശിക മാധ്യമങ്ങള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.