തിരുവനന്തപുരം : കെഎസ്ആർടിസിൽ വർക്ക്ഷോപ്പുകളുടെ എണ്ണം അഞ്ചിലൊന്നായി ചരുക്കാൻ മാനേജ്മെന്റ്.ഇതോടെ അറ്റകുറ്റപ്പണികൾ വേഗത്തിലാക്കാനും തൊഴിലാളികളുടെ കാര്യക്ഷമത കൂടുതൽ ഉറപ്പിക്കാനും കഴിയുമെന്നാണ് കണക്കുകൂട്ടൽ.കോർപറേഷന്റെ നവീകരണത്തിനായി സർക്കാർ നൽകുന്ന പ്രത്യേക ഫണ്ടാണ് ഇതിനായി ഉപയോഗിക്കുന്നത്. സംസ്ഥാനത്ത് ആകെ 100 വർക്ക്ഷോപ്പുകളാണ് കെഎസ്ആർടിസിക്ക് ഉള്ളത്. ഇത് 22 എണ്ണമാക്കി ചുരുക്കാനാണ് തീരുമാനം. ഇതിനായി തെരഞ്ഞെടുക്കുന്ന വർക്ക്ഷോപ്പുകളെ മുഴുവൻ സമയവും പ്രവർത്തിക്കുന്ന ആധുനിക തൊഴിലിടങ്ങളാക്കി മാറ്റും.
തിരുവനന്തപുരം സെൻട്രൽ വർക്ക്ഷോപ്പ്, മാവേലിക്കര, എടപ്പാൾ, കോഴിക്കോട് , ആലുവ എന്നീ സ്ഥലങ്ങളിലെ റീജണൽ വർക്ക് ഷോപ്പുകളും ജില്ലാ വർക്ക്ഷോപ്പുകളുമാണ് നവീകരിക്കുന്നത്. ഇതിനായുള്ള പ്രാരംഭ നടപടികളിലേക്ക് മാനേജ്മെന്റ് കടന്നുകഴിഞ്ഞു. നവീകരണത്തിന്റെ ഭാഗമായി ഇവിടങ്ങളിൽ കൈകൊണ്ടുള്ള പെയിന്റിംഗ് ഒഴിവാക്കി സ്പ്രേ പെയിന്റിംഗ് ബൂത്തുകൾ തുടങ്ങി. വാഹനങ്ങൾ കഴുകാനും ടയർ മാറാനും യന്ത്രം സ്ഥാപിക്കും.
ആധുനികവൽകരണത്തിന്റെ ഭാഗമായി ലൈലന്റിന്റെ സാങ്കേതിക സഹാത്തോടെ എടപ്പാളിൽ എഞ്ചിൻ റീ കണ്ടീഷൻ പ്ലാന്റ് വരും. ഇതിനായി തെരഞ്ഞെടുത്ത എഞ്ചിനീയർമാർക്കും മെക്കാനിക്കുകൾക്കും ലൈലെന്റിൽ കന്പനിയിൽ പരിശീലനം തുടങ്ങി കഴിഞ്ഞു. സമാന രീതിയിൽ തിരുവനന്തപുരത്ത് ടാറ്റയുമായി സഹകരിച്ച് എഞ്ചിൻ റീകണ്ടീക്ഷനിംഗ് പ്ലാന്റ് വരും. ഇതോടൊപ്പം കെഎസ്ആർടിസി ഉപയോഗിക്കുന്ന എല്ലാ വാഹനങ്ങളുടേയും ബോഷ് ഡീസൽ പമ്പിന് വേണ്ടിയുള്ള പ്രത്യേക കാലിബ്രേഷൻ യൂണിറ്റ് തിരുവനന്തപുരത്ത് ഉടൻ തുടങ്ങാനും നടപടികൾ തുടങ്ങി. ഇത്തരം നടപടികളോടെ അറ്റകുറ്റപ്പണികൾ കൂടുതൽ കാര്യക്ഷമാക്കാനും ചെലവ് ചുരുക്കാനുമാകുമെന്നാണ് മാനേജ്മെന്റിന്റെ കണക്ക് കൂട്ടൽ. എന്നാൽ പ്രായോഗികമല്ലാത്ത മറ്റൊരു തീരുമാനം എന്നാണ് ജീവനക്കാരുടെ പ്രതികരണം