മേഘാലയ : കർഷകർക്ക് നൽകിയ വാഗ്ദാനങ്ങൾ കേന്ദ്രസർക്കാർ ഇതുവരെ പാലിച്ചില്ലെന്ന് മേഘാലയ ഗവർണർ സത്യപാൽ മാലിക്. മിനിമം താങ്ങുവില സംബന്ധിച്ച നിയമം വേണം. കർഷകരോടുള്ള സർക്കാരിന്റെ സമീപനത്തിൽ അതൃപ്തി പ്രകടിപ്പിച്ച മാലിക്, ഡൽഹി അതിർത്തികളിലെ സമരം മാത്രമാണ് അവസാനിച്ചതെന്നും മറ്റിടങ്ങളിൽ സമരം ഇപ്പോഴും സജീവമാണെന്നും പറഞ്ഞു. രാജ്യത്തെ യുവാക്കൾ തൊഴിലില്ലാതെ റോഡുകളിൽ അലയുകയാണ്. ഹിന്ദുക്കളും മുസ്‍ലിങ്ങളും യുദ്ധം അവസാനിപ്പിച്ച് തൊഴിലില്ലായ്മയും രാജ്യം അഭിമുഖീകരിക്കുന്ന മറ്റു നിർണായക പ്രശ്നങ്ങളും ഉയർത്തിക്കാട്ടണമെന്ന് അദ്ദേഹം പറഞ്ഞു.
കർഷകപ്രക്ഷോഭം കത്തിനിൽക്കുന്ന പശ്ചാത്തലത്തിൽ മാലിക് കർഷകർക്ക് അനുകൂലമായി സംസാരിച്ചത് കേന്ദ്രസർക്കാരിന് ക്ഷീണമുണ്ടാക്കിയിരുന്നു. ബി.ജെ.പി. സർക്കാരിനെ വിമർശിക്കരുതെന്ന് തന്റെ സുഹൃത്തുക്കൾ ഉപദേശിച്ചെന്നും മിണ്ടാതിരുന്നാൽ രാഷ്ട്രപതിയോ ഉപരാഷ്ട്രപതിയോ ആക്കാമെന്ന് വാഗ്ദാനം ലഭിച്ചിരുന്നെന്നും മാലിക് പറഞ്ഞിരുന്നു.