ന്യൂഡൽഹി: ബി.ജെ.പി പരിപാടിയിൽ പങ്കെടുക്കുമെന്ന വാർത്ത നിഷേധിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ രാഹുൽ ദ്രാവിഡ്. മേയ് 12 മുതൽ 15 വരെ താൻ ഹിമാചലിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുമെന്ന് ചില മാധ്യമങ്ങൾ വാർത്ത കണ്ടു. എന്നാൽ, ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ ആഗ്രഹിക്കുകയാണ്. ഇത്തരം വാർത്തകൾ തെറ്റാണ് രാഹുൽ ദ്രാവിഡ് പ്രതികരിച്ചു.
ഹിമാചൽ പ്രദേശിലെ ധർമശാലയിൽ നടക്കുന്ന യുവമോർച്ചയുടെ ദേശീയ പ്രവർത്തക സമിതി സമ്മേളനത്തിൽ ഇന്ത്യൻ ക്രിക്കറ്റ് പരിശീലകനും കായികതാരവുമായ രാഹുൽ ദ്രാവിഡ് പങ്കെടുക്കുമെന്ന് ബി.ജെ.പി ധർമശാല എം.എൽ.എ വിശാൽ നെഹ്‌റിയ പറഞ്ഞിരുന്നു.
ദ്രാവിഡിന്റെ സാന്നിധ്യം യുവാക്കൾക്ക് വ്യത്യസ്ത മേഖലകളിൽ മികവ് പുലർത്താനും മുന്നേറാനുമുള്ള സന്ദേശം നൽകുമെന്നും നെഹ്‌റിയ പറഞ്ഞു. മെയ് 12 മുതൽ 15 വരെ നടക്കുന്ന സമ്മേളനത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 139 പ്രതിനിധികൾ പങ്കെടുക്കും.
രാഹുൽ ദ്രാവിഡിനെ കൂടാതെ ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദ, മുഖ്യമന്ത്രി ജയ് റാം താക്കൂർ, മറ്റ് പാർട്ടി ഭാരവാഹികൾ, കേന്ദ്രമന്ത്രിമാർ എന്നിവരും പരിപാടിയിൽ പങ്കെടുക്കുമെന്ന് വിശാൽ നെഹ്‌റിയ വ്യക്തമാക്കിയിരുന്നു.