തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് കെ.വി തോമസ് പ്രചാരണത്തിനിറങ്ങിയാൽ അത് എൽ.ഡി.എഫിന് നാശം വരുത്തുമെന്ന് രമേശ് ചെന്നിത്തല. പ്രചാരണത്തിനായി തോമസ് എത്തിയാൽ കോൺഗ്രസ് പ്രവർത്തകർ കൂടുതൽ ഊർജസ്വലതയോടെ പ്രവർത്തിക്കും. തോമസിനെ കോൺഗ്രസിൽ നിന്നും ആരും പുറത്താക്കില്ലെന്നും വേണമെങ്കിൽ സ്വയം ഇറങ്ങി പോകണമെന്നും ചെന്നിത്തല പറഞ്ഞു.
തൃക്കാക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർഥിക്കായി പ്രചാരണത്തിനിറങ്ങുമെന്ന് കെ.വി തോമസ് വ്യക്തമാക്കിയിരുന്നു. എൽ.ഡി.എഫ് കൺവെൻഷനിൽ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. ഇന്നത്തെ കോൺഗ്രസ് ഞാൻ കണ്ട കോൺഗ്രസല്ല. വൈരാഗ്യബുദ്ധിയോടെ പ്രവർത്തകരെ വെട്ടിനിരത്തുന്ന പാർട്ടിയായി അതുമാറി. ചർച്ചയില്ലാതെ പാർട്ടിയിൽ എങ്ങനെ നിൽക്കും.ജോ ജോസഫിന് വേണ്ടി വോട്ട് തേടും. നിലപാട് മാറുന്നതിൽ വേദനയും ദു:ഖവുമുണ്ട്. ജോ ജോസഫ് സഭയുടെ സ്ഥാനാർഥിയാണോ എന്ന കാര്യം തുറന്നുപറയാനാകില്ല. ജോ ജോസഫ് ജയിക്കുമോയെന്ന് ഇപ്പോൾ പറയാറായിട്ടില്ലെന്നും കെ.വി തോമസ് കൂട്ടിച്ചേർത്തിരുന്നു.