ഹൈദരാബാദ്: ഇന്ത്യൻ സിനിമാ ലോകത്ത് തരംഗം തീർത്ത കെജിഎഫ് 2ലെ നായകൻ റോക്കി ഭായിയെ അനുകരിച്ച് സിഗരറ്റ് ‘വലിച്ചു തള്ളിയ’ പതിനഞ്ചുകാരൻ ആശുപത്രിയിൽ. ഹൈദരാബാദിലാണ് സംഭവം. റോക്കി ഭായിയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരു പായ്ക്കറ്റ് സിഗരറ്റ് പുകച്ചുതള്ളിയ പതിനഞ്ചുകാരനെ തൊണ്ടവേദനയും ചുമയും കാരണമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് റിപ്പോർട്ട് ചെയ്തു.
രണ്ടു ദിവസത്തിനിടെ മൂന്നു തവണയാണ് പതിനഞ്ചുകാരൻ കെജിഎഫിന്റെ രണ്ടാം ഭാഗം കണ്ടത്. തുടർന്ന് റോക്കി ഭായിയുടെ ‘പ്രകടന’ത്തിൽ ആവേശഭരിതനായി ഒറ്റ പായ്ക്കറ്റ് സിഗരറ്റ് വലിച്ചു. പിന്നീട് കടുത്ത തൊണ്ടവേദനയും ചുമയും പിടിച്ചതോടെ ഹൈദരാബാദിലെ സെഞ്ചുറി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പതിനഞ്ചുകാരനെ ചികിത്സിച്ച ഡോക്ടർമാർ, പിന്നീട് പ്രത്യേക കൗൺസിലിങ്ങും നൽകിയാണ് ആശുപത്രിയിൽനിന്ന് തിരിച്ചയച്ചത്.
‘റോക്കി ഭായ് പോലുള്ള കഥാപാത്രങ്ങൾ കൗമാരക്കാരെ വലിയ തോതിൽ സ്വാധീനിക്കും. ഈ സംഭവത്തിൽത്തന്നെ സിനിമ കണ്ടതിനു പിന്നാലെ നായക കഥാപാത്രത്തെ അനുകരിച്ച് ഒരു പായ്ക്കറ്റ് സിഗരറ്റ് വലിച്ചാണ് പതിനഞ്ചു വയസ് മാത്രം പ്രായമുള്ള കുട്ടി ആശുപത്രിയിലായത്. സിനിമകൾക്ക് ആളുകളെ വലിയ തോതിൽ സ്വാധീനിക്കാനാകും. അതുകൊണ്ടുതന്നെ പുകവലിയും പുകയില ചവയ്ക്കുന്നതും മദ്യപാനവുമൊന്നും സിനിമകളിൽ മഹത്വവൽക്കരിക്കാതിരിക്കാനുള്ള ധാർമിക ഉത്തരവാദിത്തം ചലച്ചിത്ര പ്രവർത്തകർക്കുണ്ട്’ – ഡോ. രോഹിത് റെഡ്ഡി ചൂണ്ടിക്കാട്ടി.