തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിനെ പരിഹസിച്ചു മുന്‍ മന്ത്രി കെ.ടി.ജലീല്‍. ‘സന്തോഷ്ട്രോഫി ഫൈനലും പെരുന്നാൾ തലേന്നും ഒപ്പം വന്നിട്ടും മഞ്ചേരിയിലേക്ക് വാപ്പ കളി കാണാൻ പോയിട്ടില്ല. എന്നിട്ടല്ലേ ഇപ്പോ’ എന്നായിരുന്നു ജലീൽ ഫെയ്സ്ബുക്ക് പേജിൽ കുറിച്ചത്.
സ്വപ്നയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. അസത്യങ്ങൾ പ്രചരിപ്പിച്ച് സർക്കാരിനെ ഇല്ലാതാക്കാൻ സാധിക്കില്ല. സർക്കാരിനെ അപകീർത്തിപ്പെടുത്തലാണു ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്വപ്നയുടെ മൊഴി കാര്യമാക്കുന്നില്ലെന്നും പ്രതികരിക്കാന്‍ താല്‍പര്യമില്ലെന്നും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ പറഞ്ഞു. ഒന്നും പറയാനില്ലെന്ന് മുന്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോയും പ്രതികരിച്ചു.
കണ്ണൂരില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ മടങ്ങിയെത്തിയ മുഖ്യമന്ത്രി മാധ്യമങ്ങളോടു നേരിട്ടു പ്രതികരിക്കാതെ ക്ലിഫ്ഹൗസിലേക്കു പോകുകയായിരുന്നു. കനത്ത സുരക്ഷയായിരുന്നു വിമാനത്താവളത്തില്‍ മുഖ്യമന്ത്രിക്ക് ഒരുക്കിയിരുന്നത്. ദ്രുത കർമ സേനയെയും നിയോഗിച്ചു. വാഹനത്തിന് ഇരുവശവും വടം കെട്ടിയിരുന്നു.