പത്തനംതിട്ട: മണ്ഡലപൂജക്ക് ഒരു ദിവസം മാത്രം അവശേഷിക്കെ ശബരിമലയിലെ മൊത്തം നടവരവ് 78.92 കോടി കവിഞ്ഞു. മണ്ഡല പൂജയോട് അനുബന്ധിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് അഡ്വ. കെ. അനന്ത ഗോപൻ സന്നിധാനം ഗസ്റ്റ് ഹൗസിൽ ഇന്ന് രാവിലെ പതിനൊന്നരക്ക് വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. കരിമല വഴിയുള്ള തീർത്ഥാടന പാത മകരവിളക്ക് ഉത്സവത്തിനായി തുറന്നു നൽകും. പുല്ല് മേട് പാത കൂടി തുറക്കുന്നതിനും നടപടി സ്വീകരിക്കും. കോവിഡ് ഭീഷണി നിലനിൽക്കുമ്പോഴും മണ്ഡല കാലത്ത് പരാതി രഹിതമായി ആചാരങ്ങൾ പാലിച്ചുള്ള തീർത്ഥാടനം പൂർത്തിയാക്കാൻ സർക്കാരിനും ബോർഡിനും ഇത്തവണ സാധിച്ചതായും പ്രസിഡന്‍റ് പറഞ്ഞു. ദേവസ്വം ബോർഡ് അംഗം പി.എം തങ്കപ്പൻ, എക്സിക്യൂട്ടിവ് ഓഫീസർ കൃഷ്ണ കുമാര വര്യർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.