തിരുവനന്തപുരം: വിമർശനങ്ങളെ നേരിട്ട് കെ റെയിലുമായി എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുമ്പോൾ ഇടതു നിരയിൽ ഭിന്നത ശക്തമാകുന്നു. ജനങ്ങളുമായി ചർച്ചചെയ്യാതെ മുന്നോട്ട് പോകുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് വിമർശിച്ചു. പരിഷത്തിന്‍റെ ആശങ്കകൾ പരിഹരിക്കുമെന്ന് കോടിയേരി ഉറപ്പ് നൽകുമ്പോഴാണ് തുടർ വിമർശനങ്ങൾ. കെറെയിൽ പദ്ധതി ഇടത്സംഘടനയായ ശാസ്ത്ര സാഹിത്യ പരിഷത്ത് ഉയർത്തുന്ന വിയോജിപ്പുകൾ പരിശോധിക്കുമെന്നും ആശങ്കകൾ ദുരീകരിച്ച് മുന്നോട്ട് പോകുമെന്നും വ്യാഴാഴ്ച കോടിയേരി ബാലകൃഷ്ണൻ പറഞ്ഞിരന്നു. എന്നാൽ ഉയർത്തുന്ന വിമർശനങ്ങളിൽ ഉറച്ച് നിൽക്കുകയാണ് പരിഷത്ത്. കെ റെയിൽ പദ്ധതിക്കെതിരെ പാരിസ്ഥിതികമായി മാത്രമല്ല സാമ്പത്തികമായും സാമൂഹികമായും എല്ലാം എതിർപ്പുകൾ നിരത്തുന്നു ഇടത് പുരോഗമന പ്രസ്ഥാനം.
ജനകീയ കൂട്ടായ്മകൾ സംഘടിപ്പിച്ച് കെറെയിൽ വിരുദ്ധ പ്രതിഷേധം പ്രതിപക്ഷം ശക്തമാക്കുമ്പോഴാണ് ഇന്ധനം പകർന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് വിമർശനം. കെ റെയിൽ സമ്പന്നരുടെ പദ്ധതിയെന്നാണ് പരിഷത്തിന്‍റെ വിമർശനം. പിന്നിൽ 10,000കോടിയിലേറെ റിയൽ എസ്റ്റേറ്റ് താത്പര്യങ്ങളുമുണ്ടെന്ന് വാർത്താക്കുറിപ്പിൽ സംഘടന ആരോപിച്ചിട്ടുണ്ട്. പരിസ്ഥിതി ആഘാത റിപ്പോർട്ടും വിശദമായ പദ്ധതി രേഖയും ജനങ്ങളുമായി ചർച്ചചെയ്യാതെ അതിർത്തി തിരിക്കുന്ന സർക്കാർ പ്രവർത്തികൾ ജനാധിപത്യ വിരുദ്ധമാണെന്ന് വിമർശിക്കുന്നതിലൂടെ സർക്കാരിന്‍റെ വികസന നയത്തിൽ തന്നെ ചോദ്യമുയർത്തുന്നു. പദ്ധതി ചെലവ് ഒരുലക്ഷം കവിയുമെന്ന് യുഡിഎഫ് വിമർശനവും പരിഷത്ത് ഏറ്റു പറയുന്നുണ്ട്. സിൽവർ ലൈൻ പദ്ധതിയെ സിപിഐ നേതൃത്വം പിന്തുണക്കുമ്പോഴും സിപിഐക്കുള്ളിലെ ഭിന്നതകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പരിഷത്തും ചുവപ്പ് കൊടി ഉയർത്തുന്നത്.