ന്യൂഡല്‍ഹി : ക്രിക്കറ്റ് കരിയര്‍ പാകപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചത് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും നിലവില്‍ ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയാണെന്ന് മുന്‍ ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്ങ്. ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചതിന് പിന്നാലെ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് സംസാരിക്കുകയായിരുന്നു ഹര്‍ഭജന്‍. ഗാംഗുലി, എം.എസ് ധോനി എന്നീ നായകര്‍ക്ക് കീഴിലുള്ള അനുഭവവും ഹര്‍ഭജന്‍ പങ്കുവെച്ചു. ‘ഞാന്‍ ഒന്നുമല്ലാതിരുന്ന കാലത്താണ് ഗാംഗുലി എന്നെ ചേര്‍ത്തുപിടിച്ചത്. പക്ഷേ ധോനി ക്യാപ്റ്റന്‍ ആയപ്പോഴേക്കും ഞാന്‍ ഒരു മേല്‍വിലാസമുണ്ടാക്കിയിരുന്നു. ഞാന്‍ പ്രതിഭയുള്ള താരമാണെന്ന് ഗാംഗുലിക്ക് അറിയാമായിരുന്നു. പക്ഷേ എത്രത്തോളം മികച്ച പ്രകടനം പുറത്തെടുക്കും എന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നു.
അതേസമയം ധോനിയുടെ കാലഘട്ടത്തിലെത്തിയപ്പോള്‍ അതെല്ലാം മാറി. ഞാന്‍ കുറേ കാലമായി ടീമിലെ സ്ഥിരസാന്നിധ്യമാണെന്നും ടീമിന് റിസള്‍ട്ട് നല്‍കിയിട്ടുണ്ടെന്നും ധോനിക്ക് വ്യക്തമായി അറിയാമായിരുന്നു. ജീവിതത്തിലാണെങ്കിലും കരിയറിലാണെങ്കിലും ഏറ്റവും അനിവാര്യമായ സമയത്ത് നമുക്ക് ഒരാളുടെ മാര്‍ഗ്ഗനിര്‍ദേശം ആവശ്യമായി വരും. എനിക്ക് അതു നല്‍കിയത് ഗാംഗുലിയാണ്. അദ്ദേഹം എന്നെ ടീമില്‍ എടുക്കുകയും എനിക്കുവേണ്ടി വാദിക്കുകയും ചെയ്തില്ലായിരുന്നെങ്കില്‍ ഇപ്പോള്‍ എന്റെ ഈ അഭിമുഖം പോലും നിങ്ങള്‍ എടുക്കില്ലായിരുന്നു.
എന്നെ ഞാന്‍ ആക്കിയത് ഗാംഗുലിയാണ്. ധോനിയുടെ ക്യാപ്റ്റന്‍സിക്ക് കീഴിലും മികച്ച അനുഭവങ്ങളാണുണ്ടായത്. ഗാംഗുലി പകര്‍ന്നുനല്‍കിയ പൈതൃകം ധോനി മുന്നോട്ടു കൊണ്ടുപോയി. ഒട്ടേറെ മികച്ച ക്രിക്കറ്റ് മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷിയാകാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു, ഹര്‍ഭജന്‍ അഭിമുഖത്തില്‍ പറയുന്നു.