തിരുവനന്തപുരം : നിയമസഭയിലെ സെൻസറിങ്ങിനെ ന്യായീകരിച്ച് സ്പീക്കർ എം ബി രാജേഷ്. ചോദ്യോത്തര വേളയിൽ സംസാരിക്കുന്ന അംഗങ്ങളുടെ ദൃശ്യങ്ങൾ നൽകുന്നത് ആണ് ചട്ടം. 2002 ലെ മാർഗ നിർദേശ പ്രകാരം ആണ് നടപടിയെന്നും സ്പീക്കർ നിയമസഭയിൽ പറഞ്ഞു. സഭക്കുള്ളിൽ മൊബൈൽ വഴി ചിത്രം പകർത്തുന്നത് ചട്ട ലംഘനമാണ്.
സഭാ അംഗങ്ങൾ മാത്രം അല്ല സഭാ ഗാലറിയിൽ നിന്നും ചില മാധ്യമ പ്രവർത്തകരും ദൃശ്യം പകർത്തി. ഇത് സഭയോടുള്ള അവഹേളനം. മാധ്യമ പ്രവർത്തകർ സ്വാതന്ത്രം ദുരുപയോഗം ചെയ്തു. സഭ ദൃശ്യങ്ങൾ ദുരുപയോഗം ചെയ്യുന്ന രീതി വന്നതിൽ നേരത്തെ പരാതി കിട്ടിയിരുന്നു, ആക്ഷേപ ഹാസ്യ പരിപാടികൾക്ക് ദൃശ്യങ്ങൾ ഉപയോഗിക്കാൻ പാടില്ലെന്നും സ്പീക്കർ നിയമസഭയിൽ പറഞ്ഞു. ഭാവിയിൽ ഇത് ആവർത്തിച്ചാൽ അവകാശ ലംഘന പ്രകാരം നടപടി ഉണ്ടാകുമെന്നും സ്പീക്കർ എം ബി രാജേഷ് റൂളിങ് നൽകി. സഭയിൽ മാധ്യമ നിയന്ത്രണമെന്ന തരത്തിൽ പെരുപ്പിച്ച വാർത്ത ആണ് മാധ്യമങ്ങൾ ഇന്നലെ നൽകിയത്. മാധ്യമപ്രവർത്തകർക്ക് നിയന്ത്രണം ഇല്ലെന്നും സ്പീക്കർ വ്യക്തമാക്കി.
സ്പീക്കറുടെ റൂളിംഗിന് എതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തി. ഇന്നലെ മാധ്യമ പ്രവർത്തകരെ തടഞ്ഞു എന്ന് വി ഡി സതീശൻ പറഞ്ഞു. ഭരണ കക്ഷി അംഗങ്ങൾ എഴുന്നേറ്റ് നിന്നു പ്രതിഷേധിച്ചത് സഭ ടിവി കാണിച്ചുവെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. സഭ ടിവി ഒരു പാട് ആരോപണങ്ങൾ നേരിടുന്നു. പ്രത്യക ശ്രദ്ധ ഇക്കാര്യത്തിൽ വേണമെന്നും വി ഡി സതീശൻ പറഞ്ഞു. സ്പീക്കർക്ക് എതിരെ വി ഡി സതീശൻ സംസാരിച്ചതോടെ സഭയിൽ ബഹളം ഉണ്ടായി. റൂളിംഗിന് ശേഷം ചർച്ച ഇല്ലെന്നു മന്ത്രിമാർ പറഞ്ഞു
നിയമസഭാ സമ്മേളനം തുടങ്ങിയ ഇന്നലെ തന്നെ നിയമസഭയില്‍ മാധ്യമങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുകയായിരുന്നു. മന്ത്രിമാരുടെയും പ്രതിപക്ഷനേതാവിന്‍റെയും ഓഫീസുകളിലും വിലക്ക് ഏര്‍പ്പെടുത്തി. മീഡിയ റൂമില്‍ മാത്രമാണ് മാധ്യമങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചത് . സഭയിലെ ദൃശ്യങ്ങൾ ചിത്രീകരിക്കാൻ മാധ്യമങ്ങൾക്ക് അനുമതി നൽകിയില്ല. പ്രതിപക്ഷം വലിയ രീതിയില്‍ പ്രതിഷേധങ്ങള്‍ സഭയില്‍ നടത്തിയപ്പോൾ അതിന്‍റെ ദൃശ്യങ്ങള്‍ പിആര്‍ഡി നല്‍കയില്ല.ഭരണപക്ഷ ദൃശ്യങ്ങള്‍ മാത്രമാണ് പിആര്‍ഡി നല്‍കിയത്.ഇത് വലിയ തോതിൽ വിമർശനത്തിന് കാരണമായതോടെയാണ് സ്പീക്കറുടെ വിശദീകരണം.