കൊച്ചി: ഇന്ത്യൻ ഭരണഘടനയെ വിമർശിച്ച മന്ത്രി സജി ചെറിയാനെതിരെ സ്വമേധയാ കേസെടുക്കാൻ പൊലീസിന് തടസമില്ലെന്ന് നിയമവിദഗ്‍ധർ. മൂന്ന് വർഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണിത്. മാത്രവുമല്ല മന്ത്രിയെന്ന നിലയിലുളള സത്യപ്രതിജ്ഞാ ലംഘനം വിഷയത്തെ ഗുരുതരമാക്കുന്നു.
വാവിട്ട വാക്കും കൈവിട്ട ആയുധവും തിരിച്ചെടുക്കാനാകില്ലെന്നാണ് ചൊല്ല്. സ്വയം എത്ര ന്യായീകരിച്ചാലും മന്ത്രി സ്ഥാനത്തിരുന്നുകൊണ്ട് ഇന്ത്യൻ ഭരണഘടനയെ നിശിതമായി വിമർശിച്ച സജി ചെറിയാനെതിരെ കേസെടുക്കാൻ പൊലീസിന് യാതൊരു തടസവുമില്ലെന്നാണ് നിയമ വിദഗ്‍ധർ പറയുന്നത്. ഇൻസൾട്ട് ടു നാഷണൽ ഓണർ ആക്ടിന്‍റെ പരിധിയിൽ വരുന്നതാണിത്. ദേശീയ പതാകയെ അപമാനിക്കുക, ഭരണഘടനയെ നിരാകരിക്കുകയോ വിമർശിക്കുകയോ ചെയ്യുക എന്നിവയൊക്കെ ഈ നിയമത്തിന്‍റെ പരിധിയിൽ വരുന്നതാണ്. മൂന്നു വർഷം തടവോ പിഴയോ രണ്ടും ഒന്നിച്ചോ ആണ് ശിക്ഷ. ഇങ്ങനെയൊരു കാര്യം ശ്രദ്ധയിൽപ്പെട്ടാൽ പൊലീസ് സ്വമേധയാ കേസെടുക്കണം. ആരെങ്കിലും പരാതിപ്പെട്ടാലും പരിശോധിച്ച് നടപടിയെടുക്കണമെന്ന് റിട്ടയേർഡ് ജസ്റ്റിസ് കെമാൽ പാഷ പറയുന്നു.
മന്ത്രിയായ സജി ചെറിയാൻ സത്യപ്രതിജ്ഞാ ലംഘനം കൂടി നടത്തിയെന്നാണ് നിയമവിദഗ്‍ധർ പറയുന്നത്. ഇന്ത്യൻ ഭരണഘടനയോട് നിർവ്യാജമായ കൂറും വിശ്വസ്തതയും പുലർത്തുമെന്ന് ഏറ്റുപറഞ്ഞാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്. അതേ മന്ത്രി തന്നെ ചൂഷണത്തിനുളള ഉപാധിയാണ് ഭരണഘടനയെന്ന് പ്രസ്താവിക്കുക വഴി സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയതെന്ന് നിയമവിദ്ധർ പറയുന്നു. ഇത് ചൂണ്ടിക്കാട്ടി ഏത് പൗരനും കോടതിയെ സമീപിക്കാനാകും. ഇത് മുന്നിൽക്കണ്ടാണ് മന്ത്രി രാജിവച്ചില്ലെങ്കിൽ നിയമപരമായി നീങ്ങുമെന്ന് പ്രതിപക്ഷ നേതാക്കൾ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് പഞ്ചാബ് മോഡൽ പ്രസംഗം നടത്തിയ ആർ.ബാലകൃഷ്ണപിളളയ്ക്ക് ഹൈക്കോടതി ഇടപെടലോടെ രാജി അനിവാര്യമായതും പ്രതിപക്ഷം മുന്നിൽ കാണുന്നു.