ചെന്നൈ : ഒടിപിയെ (വൺ ടൈം പാസ്‍വേഡ്) ചൊല്ലിയുള്ള തർക്കത്തിനിടെ ചെന്നൈയിൽ ഒല ടാക്‌സി ഡ്രൈവർ യാത്രക്കാരനെ ഇടിച്ചു കൊന്നു. കോയമ്പത്തൂരിലെ സോഫ്റ്റ്‌വെയര്‍ ഡെവലപ്പറായ ഉമേന്ദ്രയാണ് (34) കൊല്ലപ്പെട്ടത്. സംഭവത്തിൽ ഒല ടാക്‌സി ഡ്രൈവറായ സേലം സ്വദേശി എൻ. രവി(41)യെ പൊലീസ് അറസ്റ്റ് ചെയ്‌തു. ചെന്നൈ നാലൂരിലെ മഹാബലിപുരം റോഡിൽ ഞായറാഴ്‌ച ഉച്ചകഴിഞ്ഞാണ് സംഭവം നടന്നത്. ബന്ധുവീട്ടിൽ സന്ദർശനം നടത്തുന്നതിനായി ഭാര്യയ്ക്കും മക്കൾക്കുമൊപ്പം ചെന്നൈയിൽ എത്തിയതായിരുന്നു ഉമേന്ദ്ര.
ഞായറാഴ്ച നഗരത്തിലെ മാളിൽനിന്ന് സിനിമ കണ്ടിറങ്ങിയ കുടുംബം തിരികെ പോകാനായാണ് ഒല ടാക്‌സി ബുക്ക് ചെയ്‌തത്. ഉമേന്ദ്രയുടെ ഭാര്യാസഹോദരി ദേവിപ്രിയയും മക്കളും ഈ സമയം ഒപ്പമുണ്ടായിരുന്നു. ദേവിപ്രിയയാണ് ഓൺലൈൻ ടാക്‌സി ബുക്ക് ചെയ്‌തത്. കാർ വന്നതോടെ റജിസ്ട്രേഷൻ നമ്പർ ഒത്തുനോക്കിയശേഷം ഏഴ് പേർ വാഹനത്തിൽ കയറിയതായി കേളമ്പാക്കം ഇൻസ്‌പെക്‌ടർ ഗോവിന്ദരാജ് മാധ്യമങ്ങളോടു പറഞ്ഞു.
ഒടിപി നമ്പർ നൽകുന്നതിനു മുൻപു തന്നെ കാറിൽ കയറിയതിൽ രവി അനിഷ്ടം പ്രകടിപ്പിച്ചു. ഒടിപിയെ ചൊല്ലി ആശയക്കുഴപ്പം ഉണ്ടായതോടെ അതു പരിഹരിച്ചശേഷം കാറിൽ കയറിയാൽ മതിയെന്ന് രവി നിർദ്ദേശിച്ചു. ഇതിൽ കുപിതനായി പുറത്തിറങ്ങിയ ഉമേന്ദ്ര വാഹനത്തിന്റെ ഡോറില്‍ ഇടിച്ചതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഉമേന്ദ്രയുടെ നെറ്റിയിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് രവി ശക്തിയിൽ ഇടിച്ചുവെന്നും മുഷ്ടി ചുരുട്ടി മർദ്ദിച്ചുവെന്നും പൊലീസ് പറഞ്ഞു. ബോധരഹിതനായി വീണ ഉമേന്ദ്രയെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനകം തന്നെ മരിച്ചു. രവിയെ സംഭവസ്ഥലത്തുണ്ടായിരുന്ന ആളുകൾ തടഞ്ഞുവച്ചതിനു ശേഷം പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഇയാളെ കൊലക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു.