തിരുവനന്തപുരം : ഇന്ത്യന്‍ ഭരണഘടനയെ വിമർശിച്ച സാംസ്കാരിക മന്ത്രി സജി ചെറിയാനെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി നേതാക്കൾ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പരാതി നൽകി. ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലുള്ള ബിജെപി പ്രതിനിധി സംഘം രാജ്ഭവനിലെത്തിയാണ് പരാതി നൽകിയത്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധീർ, ജില്ലാ അധ്യക്ഷൻ വി.വി.രാജേഷ്, സംസ്ഥാന ഓഫിസ് സെക്രട്ടറി ജയരാജ് കൈമൾ എന്നിവരും കുമ്മനത്തിന് ഒപ്പമുണ്ടായിരുന്നു.
സജി ചെറിയാനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്സും രാഷ്ട്രപതി, ഗവർണർ എന്നിവർക്കു പരാതി നൽകി. കെപിസിസി ജനറല്‍ സെക്രട്ടറി കെ.പി.ശ്രീകുമാര്‍ പത്തനംതിട്ട എസ്പിക്കും പരാതി നല്‍കി.രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നതെന്നായിരുന്നു മന്ത്രിയുടെ പരാമർശം. പത്തനംതിട്ട മല്ലപ്പള്ളിയിൽ നടന്ന ‘നൂറിന്റെ നിറവിൽ’ എന്ന പരിപാടിക്കിടെയാണ് മന്ത്രി ഗുരുതര പരാമർശം നടത്തിയത്. പരാമർശം വിവാദമായതിനു പിന്നാലെ ഭരണഘടനയെ ആക്ഷേപിച്ചിട്ടില്ലെന്ന് മന്ത്രി നിയമസഭയില്‍ വിശദീകരിച്ചിരുന്നു.