ന്യൂഡല്‍ഹി : ലുധിയാനയിലെ ജില്ലാ കോടതിയിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ ആരോപണ വിധേയനായ ഖലിസ്ഥാന്‍ ഭീകരന്‍ ജസ്വിന്ദര്‍ സിങ് മുള്‍ട്ടാനി ജര്‍മനിയില്‍ അറസ്റ്റില്‍. ജര്‍മന്‍ പൊലീസാണ് ജസ്വിന്ദര്‍ സിങ് മുള്‍ട്ടാനിയെ എഫര്‍ട്ടില്‍ നിന്ന് പിടികൂടിയത്. ലുധിയാനയിലെ ജില്ലാ കോടതിയിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ ഖലിസ്ഥാന്‍ ബന്ധമുണ്ടെന്ന് പഞ്ചാബ് ഡിജിപി സിദ്ധാര്‍ഥ് ചതോപാധ്യായ കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു. നയതന്ത്ര കൂടിയാലോചനകള്‍ക്ക് ശേഷമാണ് ജസ്വിന്ദര്‍ സിങ് മുള്‍ട്ടാനിയുടെ അറസ്റ്റ്. വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന നിരോധിത സംഘടനയായ സിഖ്സ് ഫോര്‍ ജസ്റ്റിസുമായി (എസ്എഫ്ജെ) മുള്‍ട്ടാനിക്കു അടുത്ത ബന്ധമുണ്ടെന്നു ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പരമാര്‍ശമുണ്ടായിരുന്നു. യുഎസ് ആസ്ഥാനമായുള്ള എസ്എഫ്ജെ പ്രസിഡന്റ് അവതാര്‍ സിങ് പന്നു, ഹര്‍മീത് എന്നിവരുമായി ഇയാള്‍ നിരന്തരം ബന്ധപ്പെട്ടിരുന്നു. ജര്‍മനിയിലെ എസ്എഫ്ജെയുടെ വിഘടനവാദ പ്രചാരണത്തെ മുള്‍ട്ടാനി സഹായിക്കുന്നുണ്ടെന്നും പാക്കിസ്ഥാനില്‍ നിന്ന് ആയുധങ്ങള്‍ ശേഖരിച്ചത് നിയമ നിര്‍വഹണ ഏജന്‍സികളുടെ ശ്രദ്ധയില്‍പ്പെട്ടതായും റിപ്പോര്‍ട്ടില്‍ പരമാര്‍ശം ഉണ്ടായിരുന്നു.
പഞ്ചാബിലെ ലുധിയാനയില്‍ കോടതി സമുച്ചയത്തില്‍ നടന്ന സ്‌ഫോടനത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും നിരവധിപ്പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഡിസംബര്‍ 23 ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ മൂന്നാം നിലയിലെ ശുചിമുറിയിലാണ് സ്‌ഫോടനമുണ്ടായത്. ശുചിമുറിയുടെ ഭിത്തികളും സമീപത്തെ മുറികളുടെ ജനാലച്ചില്ലുകളും തകര്‍ന്നു. സ്‌ഫോടന സമയത്ത് ജില്ലാ കോടതി പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട മുന്‍ ഹെഡ്‌കോണ്‍സ്റ്റബിള്‍ ഗഗന്‍ദീപ് സിങ് തന്നെയാണ് ആക്രമണം നടത്തിയതെന്നും ഡിജിപി സ്ഥിരീകരിച്ചിരുന്നു. ഹെറോയിന്‍ കൈവശംവച്ചതിന് 2019ല്‍ ഗഗന്‍ദീപ് സിങ്ങിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. രണ്ട് മാസം മുന്‍പാണ് ജയിലില്‍ നിന്ന് ഇറങ്ങിയതെന്നും പഞ്ചാബ് ഡിജിപി വ്യക്തമാക്കി.