തിരുവനന്തപുരം: കോവളത്ത് വിദേശയുവതി കൊല്ലപ്പെട്ട കേസിന്റെ വിചാരണയ്ക്കിടെ കോടതിയിൽ നാടകീയ രംഗങ്ങൾ. യുവതിയുടെ മൃതദേഹത്തിന്റെയും മൃതദേഹം കിടന്ന സ്ഥലത്തിന്റെയും 21 ഫോട്ടോകളാണ് തിരുവനന്തപുരം ഒന്നാം അഡീ.സെഷൻസ് കോടതിയിൽ ഉണ്ടായിരുന്നത്.
ഇതിൽ ഒരു ഫോട്ടോ കാണാതായത് കോടതിയുടെ വിമർശനത്തിന് ഇടയാക്കി. ഫോട്ടോ കണ്ടെത്തിയതിനുശേഷം മാത്രമേ അഭിഭാഷകർ ഉൾപ്പെടെയുള്ളവർ കോടതി മുറിക്കു പുറത്തുപോകാമെന്ന് കോടതി നിർദേശിച്ചു. പിന്നീട് മറ്റൊരു കേസിന്റെ ഫയലിൽ നിന്ന് ഈ ഫോട്ടോ കിട്ടി.
വിദേശ വനിതയുടെ മരണ കാരണം ബലപ്രയോഗം കാരണമുണ്ടായ ക്ഷതമാണെന്നു പോസ്റ്റ്‌മോർട്ടം നടത്തിയ മുൻ പൊലീസ് സർജനായ ഡോ.ശശികല കോടതിയിൽ മൊഴി നൽകിയിരുന്നു. എന്നാൽ, കേസിലെ ഏഴാം സാക്ഷി ഉമ്മർ ഖാൻ കൂറുമാറി. വിദേശവനിതയുടെ ജാക്കറ്റ് രണ്ടാം പ്രതി കോവളത്തെ തന്റെ കടയിൽ കൊണ്ടുവന്നിരുന്നതായി പൊലീസിനു നൽകിയിരുന്ന മൊഴിയാണ് കോടതിയിൽ മാറ്റി പറഞ്ഞത്. 2018 മാർച്ച് 14ന് കോവളത്തുനിന്നു യുവതിയെ സമീപത്തുള്ള കുറ്റിക്കാട്ടിൽ കൂട്ടികൊണ്ടുപോയി ലഹരി വസ്‌തു നൽകി പീഡിപ്പിച്ചു കൊലപ്പെടുത്തിയെന്നാണു പ്രോസിക്യൂഷൻ കേസ്. പ്രദേശവാസികളായ ഉദയൻ, ഉമേഷ് എന്നിവരാണ് കേസിലെ രണ്ടു പ്രതികൾ.