തിരുവനന്തപുരം: കേരളത്തിൽ ഒട്ടാകെ മികച്ച ഇന്റർനെറ്റ് കണക്‌റ്റിവിറ്റി ഒരുക്കുന്നതിനും ദരിദ്ര കുടുംബങ്ങളിൽ ഇൻറർനെറ്റ് സൗജന്യമായി എത്തിക്കുന്നതിനും ലക്ഷ്യമിടുന്ന പദ്ധതിയാണ് കെ ഫോൺ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള ഫൈബർ ഒപ്‌റ്റിക് നെറ്റ് വർക്ക് ലിമിറ്റഡിന് (കെ ഫോൺ) ഔദ്യോഗികമായി ഇൻറർനെറ്റ് സേവനങ്ങൾ നൽകാനുള്ള ഇൻറർനെറ്റ് സർവീസ് പ്രൊവൈഡർ (ഐഎസ്‌പി) ലൈസൻസ് ലഭിച്ചിട്ടുള്ളത്. ഇതോടെ സ്വന്തമായി ഐഎസ്‌പി ലൈസൻസും ഇൻറർനെറ്റ് പദ്ധതിയുമുള്ള സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു.
സർക്കാർ സേവങ്ങൾ മിക്കവയും ഓൺലൈൻ സംവിധാനം വഴി ഇപ്പോൾ ലഭ്യമാണ്. ശക്തമായ കണക്‌റ്റിവിറ്റി സംവിധാനം ഉണ്ടെങ്കിൽ മാത്രമേ ഇന്റർനെറ്റ് സേവനം സുഗമമാകുകയുള്ളൂ. ഇവിടെയാണ് കെ ഫോണിൻറെ പ്രസക്തി വർധിക്കുന്നത്. ഇതുവഴി അതിവേഗ ഇന്റർനെറ്റ് കണക്ഷൻ വീടുകളിലും ഓഫിസുകളിലും എത്തിക്കുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഭവനങ്ങളിലേക്ക് സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലും ഇന്റർനെറ്റ് ലഭ്യമാക്കാൻ പദ്ധതി സഹായകമാകും.
കെ.എസ്.ഇ.ബിയും കെ.എസ്.ഐ.റ്റി.ഐ.എൽ ഉം കേരള സർക്കാരും ചേർന്നുള്ള സംയുക്ത സംരംഭമായ കെഫോൺ ലിമിറ്റഡ് വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ നടത്തിപ്പിനായി ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ് നേത്യത്വം നൽകുന്ന കൺസോർഷ്യത്തിന് കരാർ നൽകുകയും ചെയ്‌തിട്ടുണ്ട്. ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ്, റെയിൽടെൽ, എൽ.എസ്.കേബിൾ, എസ്.ആർ.ഐ.റ്റി എന്നീ കമ്പനികളാണ് പ്രസ്‌തുത കൺസോർഷ്യത്തിൽ ഉൾപ്പെട്ടിട്ടുള്ളത്.
ആകെ 30,000 സർക്കാർ ഓഫീസുകളിൽ ഇന്റർനെറ്റ് കണക്‌റ്റിവിറ്റി നൽകും. ഇതിൽ 4092 എണ്ണം പ്രവർത്തനസജ്ജമാവുകയും ചെയ്തിട്ടുണ്ട്. ഓരോ മാസവും 3000 മുതൽ 5000 ഓഫീസുവരെ സജ്ജമാകുന്ന രീതിയിൽ ജോലികൾ മുന്നേറുകയാണ്.ഈ പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ വിഭാവനം ചെയ്‌തിട്ടുള്ള 30000 സർക്കാർ ഓഫീസുകളിൽ 24275 ഓഫീസുകളിൽ കെഫോൺ കണക്ഷൻ നൽകുന്നതിനുള്ള അനുബന്ധ ഉപകരണങ്ങൾ സ്ഥാപിച്ചു. ബാക്കിയുള്ള സർക്കാർ ഓഫീസുകൾക്ക് സെപ്‌റ്റംബറോടെ കെഫോൺ കണക്ഷൻ നൽകും.140 നിയോജക മണ്ഡലങ്ങളിലേയും സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള 100 വീതം കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് നൽകുന്നതിന് വേണ്ടിയുള്ള ടെൻഡർ നടപടികൾ പൂർത്തിയാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
സർക്കാർ ഓഫീസുകളിൽ ഇന്റർനെറ്റ് ലഭ്യമാക്കുന്നതോടെ സർക്കാർ സേവനങ്ങൾ പേപ്പർ രഹിതമാകുന്നത് ത്വരിതപ്പെടും. കൂടുതൽ വേഗത്തിൽ സേവനങ്ങൾ ലഭ്യമാക്കുന്ന ഒരു ജനസൗഹൃദാന്തരീക്ഷം സർക്കാർ ഓഫീസുകളിലുണ്ടാകാൻ ഇതുപകരിക്കും. 2022 ൽ യാത്ര ചെയ്യാവുന്ന ലോകത്തെ 50 സ്ഥലങ്ങളുടെ പട്ടികയിൽ കേരളവും ഇടം നേടിയത് നമ്മുടെ സംസ്ഥാനതിൻറെ പ്രധാന നേട്ടങ്ങളിലൊന്നാണ്. ടൈം മാഗസിൻ പുറത്തുവിട്ട പട്ടികയിലാണ് കേരളത്തെകുറിച്ച് പ്രത്യേകപരാമർശമുള്ളത്. ഇന്ത്യയിലെ ഏറ്റവും സുന്ദരമായ സ്ഥലമാണ് കേരളമെന്നും ബീച്ചുകളും കായലും മലനിരകളും കേരളത്തിൻറെ ആകർഷണമാണെന്നും ടൈം മാഗസിൻ റിപ്പോർട്ട് ചെയ്‌തു.
വിനോദ സഞ്ചാര വകുപ്പ് നടപ്പിലാക്കിയ കാരവൻ ടൂറിസവും വാഗമണ്ണിലെ കാരവൻ പാർക്കും പ്രത്യേകം മതിപ്പു പ്രകടിപ്പിച്ചുകൊണ്ട് പരാമർശിച്ചിട്ടുണ്ട്. ഈ സർക്കാർ അധികാരമേൽക്കുമ്പോൾ കോവിഡ് പ്രതിസന്ധികൾ കാരണം തകർന്നു കിടക്കുകയായിരുന്നു വിനോദ സഞ്ചാര മേഖല. കേരളത്തിൻറെ സമ്പദ്ഘടനയിൽ നിർണായക പങ്ക് വഹിക്കുന്ന വിനോദ സഞ്ചാര മേഖലയെ പൂർവ്വാധികം ശക്തിയോടെ തിരിച്ചു കൊണ്ടുവരാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. 2022 ലെ ആദ്യപാദ കണക്കുകൾ അനുസരിച്ച് ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ റെക്കോർഡ് വർധനവാണ് റിപ്പോർട്ട് ചെയ്‌തത്.
സംസ്ഥാനത്ത് അതിദാരിദ്ര്യം അനുഭവിക്കുന്ന കുടുംബങ്ങളെ സംരക്ഷിക്കുന്നതിനുള്ള പദ്ധതി സംബന്ധിച്ച് ഒരു യോഗം ഇന്ന് ചേർന്നിരുന്നു. അതിദരിദ്രരായ കുടുംബങ്ങൾക്കാവശ്യമായ സഹായങ്ങൾക്ക് സൂക്ഷ്‌മതല ആസൂത്രണ രേഖ ആഗസ്റ്റ് പകുതിയോടെ തയ്യാറാക്കും. ദീർഘകാലം ഹ്രസ്വകാലം, ഉടൻ എന്നിങ്ങനെ നടപ്പാക്കേണ്ട പ്രവർത്തനങ്ങളാണ് സൂക്ഷ്‌മതല ആസൂത്രണ രേഖയുടെ ഭാഗമായി ഉണ്ടാവുക. അതിന്റെ അടിസ്ഥാനത്തിൽ ഓരോ മേഖലയിലും ആവശ്യമായ സഹായങ്ങൾ തീരുമാനിക്കും. ഈ വർഷം എത്രപേർക്ക് സഹായം നൽകാൻ പറ്റും എന്ന റിപ്പോർട്ട് തയ്യാറാക്കും. ഇതിന് പ്ലാനിങ് ബോർഡ് വൈസ് ചെയർമാൻ, ചീഫ് സെക്രട്ടറി, തദ്ദേശസ്വയംഭരണ, ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറിമാർ എന്നിവരടങ്ങിയ സമിതിയെ നിശ്ചയിച്ചിട്ടുണ്ട്.
ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കാനാവശ്യമായ വിശദാംശങ്ങൾ മനസ്സിലാക്കി സമിതി റിപ്പോർട്ടിന് അന്തിമരൂപം നൽകും. ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കുക, ഒരിക്കൽ മോചിപ്പിക്കപ്പെട്ടാൽ അതിലേക്ക് തിരിച്ചു പോകാതിരിക്കാനുള്ള മുൻകരുതലുകൾ എടുക്കുക എന്നിവയാണ് ലക്ഷ്യം. ദാരിദ്ര്യത്തിൽ നിന്ന് സ്ഥായിയായ മോചനമാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.