തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയെന്ന കേസിൽ രണ്ടാംപ്രതി വഫയുടെ വിടുതൽ ഹരജിയിൽ വാദം പൂർത്തിയായി. സെപ്റ്റംബർ 19ന് തിരുവനന്തപുരം ഒന്നാം അഡീഷനൽ ജില്ല സെഷന്‍സ് കോടതി ജഡ്ജി കെ. സനിൽകുമാർ വിധി പറയും. കേസിലെ ഒന്നാംപ്രതി ശ്രീറാം വെങ്കിട്ടരാമനും വിടുതൽ ഹരജി സമർപ്പിക്കുമെന്ന് കോടതിയെ അറിയിച്ചു.
വഫക്കും കേസിൽ നിർണായക പങ്കുണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചു. മോട്ടോർ വാഹനവകുപ്പ് നിയമപ്രകാരം മാത്രമുള്ള കുറ്റമല്ല വഫയുടേത്. തെളിവ് നശിപ്പിച്ച കുറ്റവും ചെയ്തിട്ടുണ്ടെന്ന് പബ്ലിക് പ്രോസിക്യൂട്ടർ എ.എ. ഹക്കിം വാദിച്ചു. മദ്യലഹരിയിലായിരുന്ന ഒന്നാംപ്രതി ശ്രീറാം വെങ്കിട്ടരാമന് വാഹനം നൽകി ഓടിക്കാൻ പ്രേരിപ്പിച്ചത് വഫയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം അന്വേഷണസംഘം സമർപ്പിച്ച കുറ്റപത്രത്തിലെ നൂറ് സാക്ഷികളിൽ ഒരാൾപോലും രണ്ടാം പ്രതിക്കെതിരെ മൊഴി നൽകിയിട്ടില്ലെന്ന് വഫയുടെ അഭിഭാഷകൻ വാദിച്ചു.
2019 ആഗസ്റ്റ് മൂന്നിന് പുലര്‍ച്ച ഒന്നിനാണ് 2013 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനും പെണ്‍സുഹൃത്ത് വഫയും സഞ്ചരിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകൻ ബഷീർ കൊല്ലപ്പെട്ടത്. ആദ്യം ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറി. ശ്രീറാം വെങ്കിട്ടരാമന്‍ തെളിവ് നശിപ്പിക്കാന്‍ ബോധപൂര്‍വം നടത്തിയ ശ്രമങ്ങള്‍ അക്കമിട്ട് നിരത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. എന്നാൽ, പൊലീസ് ഒത്തുകളിച്ചതിനാൽ ശ്രീറാം മദ്യപിച്ചിരുന്നതായി തെളിയിക്കാനായില്ല.