ദില്ലി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരം ഏതാണ്ട് ഉറപ്പായ സാഹചര്യത്തിൽ ദില്ലിയിൽ ചർച്ചകൾ തുടരുകയാണ്. നെഹ്രു കുടുംബത്തിന്റെ പിന്തുണയോടെ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനെത്തുന്ന രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് പാർട്ടിക്കു മുന്നിൽ കടുത്ത നിബന്ധന വച്ചിട്ടുണ്ട്. താൻ അധ്യക്ഷ സ്ഥാനത്തേക്ക് എത്തുകയാണെങ്കിൽ തന്റെ വിശ്വസ്തനെ വേണം മുഖ്യമന്ത്രി ആക്കാനെന്നാണ് ഗെലോട്ടിന്റെ നിബന്ധന . സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയായി അംഗീകരിക്കില്ലെന്ന് ഹൈക്കമാൻഡിനെ അശോക് ഗലോട്ട് അറിയിച്ചു.
അതേസമയം രാജസ്ഥാനിലെ ഭരണമാറ്റം ഇപ്പോൾ ചർച്ചയല്ലെന്ന് എഐസിസി വ്യക്തമാക്കി. തീരുമാനം തെരഞ്ഞെടുപ്പിന് ശേഷം മാത്രമെന്നും എഐസിസി വൃത്തങ്ങൾ വ്യക്തമാക്കുന്നത്. അശോക് ഗലോട്ട് 24 മുതൽ ദില്ലിയിൽ തങ്ങും. രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന് വീണ്ടും ആവശ്യപ്പെടുമെന്ന് ഗലോട്ട് വ്യക്തമാക്കി
ഇതിനിടെ രാഹുൽ ഗാന്ധി അദ്ധ്യക്ഷനായില്ലെങ്കിൽ സോണിയ തുടരണമെന്ന് ശശി തരൂർ സോണിയയെ അറിയിച്ചു. ഗാന്ധി കുടുംബത്തിൽ നിന്നാരുമില്ലെങ്കിൽ മത്സരിക്കുമെന്നും തരൂർ സോണിയയെ അറിയിച്ചു. ശശി തരൂരിൻറെ നീക്കം നിരീക്ഷിക്കുന്നു എന്ന് എഐസിസി വൃത്തങ്ങൾ വ്യക്തമാക്കി.