ചലച്ചിത്രാസ്വാദകര്‍ കാത്തിരിക്കുന്ന എസ്.എസ് രാജമൗലി ചിത്രം ‘രൗദ്രം രണം രുധിരം’ അഥവാ ആര്‍ആര്‍ആറിന്റെ റിലീസ് നീട്ടി. 2022 ജനുവരി ഏഴിന് ആര്‍ആര്‍ആര്‍ തിയേറ്ററുകളിലെത്തുമെന്നാണ് നേരത്തെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നത്. എന്നാല്‍ ചിത്രത്തിന്റെ റിലീസ് മാറ്റിയെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. പല സംസ്ഥാനങ്ങളിലും തിയേറ്ററുകള്‍ അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിലാണ് റിലീസ് നീട്ടാന്‍ തീരുമാനിച്ചതെന്നാണ് വിശദീകരണം. ചിത്രത്തിന്റെ റിലീസ് മാറ്റിവയ്ക്കുക മാത്രമാണ് ഈ ഘട്ടത്തില്‍ ഏക പോംവഴിയെന്നും അണിയറപ്രവര്‍ത്തകര്‍ പറയുന്നു. ജൂനിയര്‍ എന്‍ടിആര്‍, രാംചരണ്‍ എന്നിവര്‍ക്കൊപ്പം ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും അജയ്ദേവ്ഗണും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
1920കളിലെ രണ്ട് സ്വാതന്ത്ര്യ സമര സേനാനികളെ കുറിച്ചുള്ള സാങ്കല്‍പ്പിക കഥയാണ് ‘ആര്‍ആര്‍ആര്‍’. ജൂനിയര്‍ എന്‍.ടി.ആര്‍ കൊമരു ഭീം ആയും രാം ചരണ്‍ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തില്‍ എത്തുന്നത്. ആലിയ ഭട്ട്, അജയ് ദേവ്ഗണ്‍, ഒലിവിയ മോറിസ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. പ്രശസ്ത രചയിതാവും രൗജമൗലിയുടെ പിതാവുമായ കെ.വി വിജയേന്ദ്ര പ്രസാദ് ആണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. തെന്നിന്ത്യന്‍ താരം സമുദ്രക്കനി, ബ്രിട്ടീഷ് നടി ഡെയ്സി എഡ്ജര്‍ ജോണ്‍സ്, ഒലിവിയ മോറിസ്, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
450 കോടി രൂപയില്‍ ഒരുങ്ങിയ ചിത്രം റിലീസിന് മുന്‍പ് തന്നെ ഡിജിറ്റല്‍ സാറ്റ്ലൈറ്റ് റൈറ്റ്‌സിലൂടെ 325 കോടി രൂപയാണ് സ്വന്തമാക്കിയത്. സീ 5, നെറ്റ്ഫ്‌ലിക്സ്, സ്റ്റാര്‍ഗ്രൂപ്പ് എന്നിവരാണ് റൈറ്റ്‌സ് സ്വന്തമാക്കിയത്. തെലുങ്കിന് പുറമെ തമിഴ്, ഹിന്ദി, കന്നട, മലയാളം എന്നീ ഇന്ത്യന്‍ ഭാഷകളിലും വിദേശ ഭാഷകളിലും ചിത്രം പുറത്തിറങ്ങും.