അന്യഗ്രഹജീവികൾ യഥാർത്ഥത്തിൽ ഉണ്ടോ? ഇതെല്ലാം ആരുടെ സൃഷ്ടിയാണ്? കുറേക്കാലങ്ങളായി ലോകത്തെമ്പാടും ആളുകൾ ഇക്കാര്യത്തെ കുറിച്ച് ചർച്ച ചെയ്യുന്നുണ്ട്. പക്ഷേ, കൃത്യമായ ഉത്തരമൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. എന്നുവച്ച് അന്യഗ്രഹ ജീവികളുണ്ട് എന്നോ അവ നമ്മുടെ നാട് സന്ദർശിക്കാറുണ്ട് എന്നോ നമുക്ക് പറയാൻ സാധിക്കില്ല. എന്നാൽ, സ്വയം ടൈം ട്രാവലറാണ് എന്ന് അവകാശപ്പെടുന്ന അനേകം പേർ ലോകത്തിന്റെ പല ഭാഗങ്ങളിലും ഉണ്ട്.
ഇവരുടെ പ്രധാനപ്പെട്ട വിനോദം തന്നെ താൻ ഒരു ടൈംട്രാവലറാണ് എന്ന് സ്വയം അവകാശപ്പെടുക, അതുമായി ബന്ധപ്പെട്ട വീഡിയോയും മറ്റും എടുത്ത് ടിക്ടോക്കിലും മറ്റ് സാമൂഹിക മാധ്യമങ്ങളിലും പോസ്റ്റ് ചെയ്യുക തുടങ്ങിയവയൊക്കെയാണ്. അതുപോലെ ഉള്ള ഒരാളുടെ വിചിത്രമായ വാദമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാവുന്നത്.
ഡിസംബർ എട്ടിന് അന്യഗ്രഹജീവികൾ ഭൂമിയിലെത്തും എന്നാണ് ഇയാളുടെ വിചിത്രമായ അവകാശ വാദം. ടിക്ടോക്ക് യൂസറായ എനോ അലറിക് ആണ് താനൊരു ടൈം ട്രാവലറാണ് എന്ന് സ്വയം അവകാശപ്പെടുന്നത്. അഞ്ച് പ്രവചനങ്ങളാണ് ഇയാൾ നടത്തിയിരിക്കുന്നത്. അതിൽ ഒന്നാണ് ഡിസംബർ എട്ടിന് ഒരു വലിയ പേടകത്തിൽ അന്യഗ്രഹജീവികൾ ഭൂമിയിലെത്തും, മനുഷ്യരുമായി സംവദിക്കും എന്നത്.
അതുപോലെ 2023 മാർച്ചിൽ യുഎസ്സിന്റെ പടിഞ്ഞാറൻ തീരങ്ങളിൽ ഒരു സുനാമി ഉണ്ടാകും എന്നും ഇയാൾ പ്രവചിച്ചു. താൻ 2671 വരെ സഞ്ചരിച്ച് തിരികെ എത്തിയ ആളാണ് എന്നാണ് ഇയാളുടെ അവകാശ വാദം. നവംബർ 30 -ന് ജെയിംസ് വെബ്ബ് ടെലസ്കോപ്പിലൂടെ ഭൂമിയോട് ചേർന്ന് നിൽക്കുന്ന മറ്റൊരു ഗ്രഹം കണ്ടെത്തും. പിന്നീട് ഡിസംബർ എട്ടിന് അന്യഗ്രഹജീവികളെ കണ്ടുമുട്ടും എന്നും ഇയാൾ പ്രവചിച്ചു.
ഏതായാലും ഈ അവകാശവാദങ്ങളൊക്കെ വച്ച് ഇയാളെ കണക്കിന് കളിയാക്കുന്നവരും സാമൂഹിക മാധ്യമങ്ങളിൽ ഉണ്ട്.