ചൈനീസ് ഫോൺ നിർമാതാക്കളായ വിവോയുടെ പുതിയ ഹാൻഡ്സെറ്റ് വൈ21ടി പുറത്തിറങ്ങി. പുതിയ വൈ-സീരീസ് ഹാൻഡ്സെറ്റിൽ ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 680 ആണ് പ്രോസസർ. ട്രിപ്പിൽ ക്യാമറകളാണ് വിവോ വൈ21ടിയുടെ മറ്റൊരു പ്രത്യേകത. 6ജിബി റാം, 128ജിബി ഇന്റേണൽ സ്റ്റോറേജ് വേരിയന്റ് ഫോൺ ഇന്തൊനീഷ്യയിലാണ് ആദ്യമായി അവതരിപ്പിച്ചത്. 2ജിബി വെർച്വൽ റാമും ഇതിനുണ്ട്. ഈ ഫോണിന് ഇന്ത്യയിൽ 4 ജിബി റാമും 1 ജിബി എക്സ്റ്റൻഡഡ് റാമും ലഭിക്കുമെന്നാണ് റിപ്പോർട്ട്. കൂടാതെ ഫോണിന്റെ ഇന്ത്യൻ വേരിയന്റിൽ 2408×1080 പിക്‌സൽ റെസലൂഷനോടു കൂടിയ 6.58 ഇഞ്ച് ഡിസ്‌പ്ലേയും ഉൾപ്പെടുത്തിയേക്കും.
വിവോ വൈ21ടിയുടെ ഇന്തൊനീഷ്യയിലെ വില 30,99,000 ഇന്തൊനീഷ്യൻ റുപിയ (ഏകദേശം 16,200 രൂപ) ആണ്. മിഡ്‌നൈറ്റ് ബ്ലൂ, പേൾ വൈറ്റ് എന്നീ രണ്ട് കളർ വേരിയന്റുകളിലും വിവോ വൈ21ടി വാങ്ങാം. വിവോ വൈ21ടിയ്ക്ക് 1600 × 720 പിക്സൽ റെസലൂഷനും വാട്ടർ ഡ്രോപ്പ് നോച്ചുമുള്ള 6.51 ഇഞ്ച് എച്ച്ഡിപ്ലസ് എൽസിഡി ഡിസ്പ്ലേ വാഗ്ദാനം ചെയ്യുന്നു. ഇതിന് 60Hz സ്റ്റാൻഡേർഡ് റിഫ്രഷ് റേറ്റും ഉണ്ട്. 6nm ഫാബ്രിക്കേഷൻ പ്രക്രിയയിൽ നിർമിച്ച ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 680 ആണ് പ്രോസസർ. ഈ പ്രോസസർ അഡ്രിനോ 610 ജിപിയുവുമായി ബന്ധിപ്പിച്ചിരിക്കുന്നു. ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ് 12, ഡ്യുവൽ സിം സ്ലോട്ട്, സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് റീഡർ, യുഎസ്ബി-സി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, 5,000 എംഎഎച്ച് ബാറ്ററി, 18W ഫാസ്റ്റ് ചാർജിങ്ങിനുള്ള പിന്തുണ എന്നിവയാണ് മറ്റു ഫീച്ചറുകൾ.
പിന്നിൽ ട്രിപ്പിൾ ക്യാമറകളുണ്ട്. 50 മെഗാപിക്സൽ പ്രൈമറി സെൻസർ, 2 മെഗാപിക്സൽ മാക്രോ ലെൻസ്, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവ ഉൾപ്പെടുന്നതാണ് ഇത്. സെൽഫികൾക്കും വിഡിയോ കോളിങ്ങിനുമായി 8 മെഗാപിക്സൽ ക്യാമറയും ഉൾപ്പെടുത്തിയിരിക്കുന്നു. നൈറ്റ് മോഡ്, പോർട്രെയിറ്റ് മോഡ്, പ്രോ മോഡ് എന്നിങ്ങനെ ഒന്നിലധികം എഐ മോഡുകളും ക്യാമറകളിൽ അവതരിപ്പിച്ചിട്ടുണ്ട്. ആക്‌സിലറോമീറ്റർ, മാഗ്‌നെറ്റോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, പ്രോക്‌സിമിറ്റി സെൻസർ എന്നിവയാണ് മറ്റ് ഓൺബോർഡ് സെൻസറുകൾ.