മഞ്ചേരി : കെ – ഫോൺ ഇന്റർനെറ്റ് കണക്ഷൻ നവംബറോടെ വീടുകളിലേക്ക്. ആദ്യഘട്ടത്തിൽ ഓരോ മണ്ഡലത്തിലും 100 വീതം ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യമായി നൽകും. സെക്കന്‍ഡിൽ 10 മുതൽ 15 ജിബിവരെ വേഗത്തിൽ ഒന്നര ജിബി ഡാറ്റയാണ് ഒരുദിവസം ലഭിക്കുക. ഗുണഭോക്താക്കളുടെ പട്ടിക തദ്ദേശസ്ഥാപനങ്ങളുടെ സഹായത്തോടെ തയ്യാറാക്കാൻ നടപടി തുടങ്ങി.
വിഇഒമാർ തയ്യാറാക്കിയ ഗുണഭോക്താക്കളുടെ പ്രാഥമിക പട്ടികക്ക് ബ്ലോക്ക്‌തലത്തിൽ എംഎൽഎമാരുടെ നേതൃത്വത്തിൽ യോഗം ചേർന്ന് അന്തിമരൂപം നൽകും. 10 ശതമാനം വീടുകൾ പട്ടികജാതി – വർഗ വിഭാഗക്കാരുടേതാവണമെന്ന് നിർദേശമുണ്ട്. ഗ്രാമസഭകൾ ചേർന്ന് പട്ടിക അംഗീകരിക്കണം. അന്തിമപട്ടിക ലഭിച്ചാൽ ഉടൻ കണക്‌ഷൻ നൽകാൻ തയാറെടുപ്പുകളായി.
ആദ്യഘട്ടത്തിൽ ഉൾപ്പെട്ട 728 സർക്കാർ സ്ഥാപനങ്ങളിൽ 675 എണ്ണത്തിലും കണക്ഷൻ നൽകി. കെ – ഫോൺ കേബിൾ ശൃംഖലയെ ആശ്രയിക്കുന്ന പ്രാദേശിക സേവന ദാതാക്കളാണ് ബിപിഎൽ കുടുംബങ്ങളിൽ ഇന്റർനെറ്റ് കണക്ഷൻ എത്തിക്കുക. കെഎസ്ഇബിയുടെ വൈദ്യുതിത്തൂണുകളിലൂടെയും ട്രാൻസ്‌മിഷൻ ടവറുകളിലൂടെയുമായി 1000 കിലോമീറ്റർ കേബിൾ സ്ഥാപിച്ചു. ജില്ലയിൽ വിദ്യാലയങ്ങൾ ഉൾപ്പെടെ 3068 സർക്കാർ ഓഫീസുകളിലും കെ ഫോൺ സംവിധാനം ഒരുക്കി. ആയിരത്തോളം ഓഫീസുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ നെറ്റ്‌വർക്ക് ഉപയോഗിച്ചുതുടങ്ങി.
മുണ്ടുപറമ്പിലെ കെഎസ്ഇബി 110 കെവി സബ് സ്റ്റേഷനാണ് പ്രധാന കൺട്രോളിങ് കേന്ദ്രം (കോർ പോപ്). ഇവിടെനിന്നാണ് മറ്റ് സബ് സ്റ്റേഷനുകളിലേക്ക് കണക്ഷൻ നൽകിയത്. ഒപിജിഡബ്ല്യു കേബിളുകൾവഴി ജില്ലകളെ തമ്മിലും ബന്ധിപ്പിച്ചു. ട്രാൻസ്‌മിഷൻ ടവറിലേക്കുള്ള 275ൽ 269 കിലോമീറ്റർ സ്ഥാപിച്ചു. സെർവറുകൾ സ്ഥാപിക്കേണ്ട ഒമ്പതിടങ്ങളിൽ എട്ടിടങ്ങൾ സജ്ജമായി. ജില്ലയിലെ സർക്കാർ ഓഫീസുകൾ ഉൾപ്പെടെ 675 സ്ഥാപനങ്ങളിലാണ് ഒമ്പത് ‘യു’ റാക്കുകൾ സജീകരിച്ചത്. നെറ്റ് വർക്ക് കണക്ഷൻ ലഭ്യമാക്കുന്നതിനുള്ള മോഡം, യുപിഎസ് തുടങ്ങിയവയാണ് റാക്കിൽ ഉൾപ്പെടുന്നത്. ഫസ്റ്റ് ഫേസ് പൂർത്തിയാക്കി.