കൊച്ചി ∙ അധിക വരുമാനത്തിനായി ബസുകളില്‍ സ്വകാര്യ സ്ഥാപനങ്ങളുടെ പരസ്യം നല്‍കാന്‍ കരാര്‍ നല്‍കിയ കെഎസ്ആര്‍ടിസിക്ക് ഹൈക്കോടതിയില്‍ തിരിച്ചടി. കെഎസ്ആര്‍ടിസി, കെയുആര്‍ടിസി ബസുകളില്‍ പരസ്യം പതിക്കുന്നത് സുരക്ഷാ മാനദണ്ഡങ്ങള്‍ക്കു വിരുദ്ധമാണെന്നു വിലയിരുത്തിയ കോടതി, പരസ്യം പാടില്ലെന്നും നിർദേശിച്ചു.
സുരക്ഷാ മാനദണ്ഡങ്ങളുടെ കാര്യത്തില്‍ കെഎസ്ആര്‍ടിസിയെന്നോ സ്വകാര്യ ബസുകളെന്നോ ഇല്ലെന്നും ഒരു അധിക ഫിറ്റിങ്ങുകളും പാടില്ലെന്നും കോടതി വ്യക്തമാക്കി. ജഡ്ജിമാരായ അനില്‍ കെ.നരേന്ദ്രന്‍, ടി.ജി.അജിത് കുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെതാണ് ഉത്തരവ്.
വടക്കഞ്ചേരി ബസ് അപകടത്തില്‍ ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയാണ് വാഹനങ്ങളിലെ അധിക ഫിറ്റിങ്ങുകള്‍ക്കും പരസ്യങ്ങള്‍ക്കും എതിരെ കര്‍ശന നിലപാട് സ്വീകരിച്ചത്. വടക്കഞ്ചേരി സംഭവത്തില്‍ സ്കൂൾ അധികൃതർക്ക് വീഴ്ചയുണ്ടായെന്നു കോടതി നിരീക്ഷിച്ചു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത വാഹനം വിനോദ യാത്രയ്ക്കു തിരഞ്ഞെടുത്തതിനെ വിമർശിച്ച കോടതി, ഇക്കാര്യം അധികൃതര്‍ ശ്രദ്ധിക്കേണ്ടതായിരുന്നുവെന്ന് വ്യക്തമാക്കി.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഓട്ടോ എക്സ്പോകളില്‍ രൂപമാറ്റം വരുത്തി വാഹനങ്ങള്‍ ഉപയോഗിക്കുന്നതിനോടും കോടതി എതിര്‍പ്പു പ്രകടിപ്പിച്ചു. രൂപമാറ്റം വരുത്തിയ വാഹനങ്ങൾ ഉപയോഗിക്കാന്‍ പാടില്ലെന്നു നിര്‍ദേശിച്ച കോടതി, ഇക്കാര്യം ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ ഉറപ്പു വരുത്തണമെന്നും ആവശ്യപ്പെട്ടു.
വാഹനങ്ങളില്‍ ഗ്രാഫിക് സ്റ്റിക്കറുകള്‍ ഉപയോഗിക്കരുതെന്നും കമ്മിഷണര്‍ ഇക്കാര്യത്തില്‍ ശ്രദ്ധ കാണിക്കണമെന്നും കോടതി നിർദേശിച്ചു. ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത നിറം നൽകുന്നതിൽ സാവകാശമില്ലെന്നും കോടതി വ്യക്തമാക്കി. സാവകാശം വേണമെന്ന ബസ് ഉടമകളുടെ ആവശ്യം കോടതി തള്ളി.