ന്യൂഡൽഹി∙ വിദ്വേഷ പ്രസംഗങ്ങളിൽ മതം നോക്കാതെ നടപടി എടുക്കാൻ പൊലീസിന് ബാധ്യതയുണ്ടെന്ന് സുപ്രീം കോടതി. ‘‘ഇത് 21–ാം നൂറ്റാണ്ടാണ്. മതത്തിന്റെ പേരിൽ നാം എവിടെ എത്തി നിൽക്കുന്നു ? ഇന്ത്യ മതനിരപേക്ഷ സ്വഭാവമുള്ള രാജ്യമാണെന്ന് ഭരണഘടന വ്യക്തമാക്കിയിട്ടുണ്ട്. വിദ്വേഷ പ്രസംഗങ്ങളിൽ കേസെടുക്കാൻ പരാതി ലഭിക്കുന്നതുവരെ കാത്തിരിക്കേണ്ടതില്ല. വിദ്വേഷ പ്രസംഗം മതനിരപേക്ഷ രാജ്യത്തിന് ചേർന്നതല്ല.’’– സുപ്രീം കോടതി വ്യക്തമാക്കി.
വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട കേസുകളിൽ മതം നോക്കാതെ കേസെടുക്കാൻ യുപി, ഉത്തരാഖണ്ഡ്, ഡൽഹി പൊലീസുകൾക്ക് കോടതി നിർദേശം നൽകി. വിദ്വേഷപ്രസംഗത്തിനെതിരെ സർക്കാർ പ്രവർത്തിച്ചില്ലെങ്കിൽ കോടതിയലക്ഷ്യ നടപടികൾ നേരിടേണ്ടി വരുമെന്നും കോടതി ഓർമിപ്പിച്ചു.
മുസ്‌ലിം വിഭാഗത്തെ ഭീകരരായി മുദ്രകുത്താൻ നടത്തുന്ന നീക്കത്തിനെതിരെ ഇടപെടണമെന്ന ഹർജി പരിഗണിക്കവെയാണ് കോടതിയുടെ പരമാർശം. വിഷയത്തിൽ കേന്ദ്രത്തിന്റെ നിലപാട് അറിയിക്കാൻ കോടതി നിർദേശിച്ചു. ഇന്ത്യയിൽ വിദ്വേഷ പ്രസംഗങ്ങൾ വർധിക്കുന്നതിനെ യുഎൻ ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടെറസ് വിമർശിച്ചതിനു പിന്നാലെയാണ് കോടതിയുടെ പരാമർശം. മൂന്നു ദിവസത്തെ സന്ദർശനത്തിനിടെയാണ് അന്റോണിയോ ഗുട്ടെറസ് വിദ്വേഷപ്രസംഗങ്ങൾക്കെതിരെ പ്രതികരിച്ചത്.