തിരുവനന്തപുരം∙ പീഡനക്കേസിലെ പരാതിക്കാരിയെ വക്കീൽ ഓഫിസിൽവച്ചു മർദിച്ചു എന്ന കേസിൽ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളി നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. വിധി നവംബർ 3ന്. എൽദോസിന് ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷനും കെട്ടിച്ചമച്ച ആരോപണമാണെന്നു പ്രതിഭാഗവും വാദിച്ചു. ഏഴാം അഡിഷനൽ സെഷൻസ് കോടതിയാണു വാദം പരിഗണിച്ചത്.
വഞ്ചിയൂരിലെ വക്കീൽ ഓഫിസിലേക്കു പരാതിക്കാരിയെ കൊണ്ടു പോയത് എൽദോ ആണെന്നും അവിടെ വച്ച് മർദിച്ചതായും യുവതി മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വഞ്ചിയൂർ പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. ഒരു സ്ത്രീയുടെ വസ്ത്രം വലിച്ചു കീറിയാൽ നിയമപരമായി എന്ത് സംഭവിക്കും എന്ന് അഭിഭാഷകൻ കൂടിയായ പ്രതിക്കു ബോധ്യമുള്ളതാണെന്നും പ്രോസിക്യൂട്ടർ പറഞ്ഞു.
പരാതിക്കാരിയെ മർദിച്ചപ്പോൾ അവിടെ ഉണ്ടായിരുന്ന അഭിഭാഷകർ പറഞ്ഞിട്ടാണ് മർദനത്തിൽനിന്ന് എംഎൽഎ പിൻതിരിഞ്ഞത്. ഈ സംഭവത്തിനുശേഷം രക്ഷപ്പെടാൻ ശ്രമിച്ച പരാതിക്കാരിയെ എൽദോസും മറ്റു പ്രതികളും ചേർന്നു കാറിൽ കയറ്റിക്കൊണ്ടുപോയി. പ്രതിക്കു ജാമ്യം അനുവദിക്കരുതെന്നും പരാതിക്കാരിയെ അഭിഭാഷകന്റെ ഓഫിസിൽനിന്നു കൊണ്ടുപോയ കാർ കണ്ടെടുക്കണമെന്നും പബ്ലിക് പ്രോസിക്യൂട്ടർ ഗീന കുമാരി വാദിച്ചു.
കഴിഞ്ഞ മാസം 28നാണ് എൽദോസ് കുന്നപ്പിള്ളി ശാരീരികമായി ഉപദ്രവിച്ചെന്നു കാട്ടി പേട്ട നിവാസിയായ യുവതി പരാതി നൽകിയത്. മദ്യപിച്ചു വീട്ടിലെത്തി, തന്നെ ശാരീരികമായി ഉപദ്രവിച്ചെന്നും പിന്നീടു കാറിൽ ബലമായി കയറ്റി കോവളത്തേക്കു പോകുമ്പോൾ വീണ്ടും ഉപദ്രവിച്ചെന്നും യുവതി സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു.