കൊച്ചി ∙ കോഴിക്കോട് മുൻ പ്രിൻസിപ്പൽ ജില്ലാ ജഡ്ജി എസ്. കൃഷ്‌ണ കുമാറിനെ കൊല്ലം ലേബർ കോടതി ജഡ്ജിയായി സ്ഥലം മാറ്റിയതു ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. സ്ഥലംമാറ്റം ചോദ്യം ചെയ്തു നൽകിയ ഹർജി സിംഗിൾ ബെഞ്ച് തള്ളിയതിനെതിരെ എസ്. കൃഷ്‌ണ കുമാർ നൽകിയ അപ്പീലിലാണു ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
വിരമിക്കാൻ ഒരുവർഷം പോലുമില്ലാത്ത സമയത്താണ് സ്ഥലം മാറ്റം. കൂടാതെ, കോഴിക്കോട് ആശുപത്രിയിൽ വിവിധ അസുഖങ്ങൾക്കു ചികിത്സയിലാണെന്നതും ഡിവിഷൻ ബെഞ്ച് പരിഗണിച്ചു. ഈ സാഹചര്യത്തിൽ സ്ഥലം മാറ്റുന്നത് കൃഷ്ണകുമാറിനെ ദോഷകരമായി ബാധിക്കും. സേവനവുമായി ബന്ധപ്പെട്ട് അടിയന്തര സാഹചര്യത്തിലാണു നടപടിയെന്നു ഉത്തരവിൽ പറയുന്നുണ്ടെങ്കിലും സ്ഥലംമാറ്റം ശിക്ഷാ സ്വഭാവത്തിലുള്ളതും നീതിയുക്തമല്ലാത്തതുമാണ്. അന്വേഷണം നടത്താതെയാണു നടപടി. സ്ഥലംമാറ്റ ഉത്തരവ് ഹർജിക്കാരന് അനീതികരമെന്നു മാത്രമല്ല ജുഡീഷ്യൽ ഓഫിസർമാരുടെ ആത്മവിശ്വാസത്തെ ബാധിക്കുന്നതുമാണെന്നും കോടതി പറഞ്ഞു.
സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ചുള്ള ഉത്തരവിൽ, പരാതിക്കാരി പ്രകോപനപരമായ വസ്ത്രം ധരിച്ചതായി പ്രിൻസിപ്പൽ സെഷൻസ് കോടതി വിലയിരുത്തിയിരുന്നു. ഉത്തരവിലെ ഈ പരാമർശം വിവാദമായ സാഹചര്യത്തിലാണ് സ്ഥലം മാറ്റിയതെന്നായിരുന്നു എസ്.കൃഷ്ണകുമാറിന്റെ വാദങ്ങളിലൊന്ന്.
ഉത്തരവിലെ പരാമർശങ്ങൾ അപകീർത്തികരവും അനാവശ്യവുമായിരുന്നെന്നു ഡിവിഷൻ ബെഞ്ച് പറഞ്ഞു. അപ്പീലിനെ തുടർന്നു അപകീർത്തികരമായ പരാമർശങ്ങൾ സിംഗിൾ ബെഞ്ച് നീക്കം ചെയ്തിരുന്നു. എന്നാൽ പരാമർശങ്ങൾ അച്ചടക്ക നടപടി ആരംഭിക്കേണ്ട സ്വഭാവത്തിലുള്ളതാണ് എന്നാണ് ഹൈക്കോടതി ഭരണ വിഭാഗത്തിന്റെ അഭിപ്രായമെങ്കിൽ ആദ്യം വിശദീകരണം തേടണമായിരുന്നു. തുടർന്ന് അന്വേഷണത്തിലൂടെ പെരുമാറ്റദൂഷ്യം സ്ഥാപിച്ചാൽ ശിക്ഷാ നടപടിയെടുക്കാനാവും. എന്നാൽ കൃഷ്ണകുമാറിന്റെ കാര്യത്തിൽ ഇത്തരം നടപടികൾ സ്വീകരിച്ചതായി കാണുന്നില്ലെന്നു ഡിവിഷൻ ബെഞ്ച് വിലയിരുത്തി.