തിരുവനന്തപുരം: ഗവർണർ ആരിപ് മുഹമ്മദ് ഖാൻ വാർത്താ സമ്മേളനത്തിൽനിന്നും മീഡിയവൺ, കൈരളി മാധ്യമപ്രവർത്തകരെ പുറത്താക്കിയപ്പോൾ മറ്റു മാധ്യമങ്ങൾ അവിടെ നിന്നത് തെറ്റാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഇത് മാധ്യമപ്രവർത്തകർ ഗൗരവത്തിൽ ആലോചിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
സമനില തെറ്റിയ നിലയിലാണ് ഗവർണർ പെറുമാറുന്നത്. ഇന്നലെ പത്രപ്രവർത്തകരോട് എടുത്ത നിലപാട് കണ്ടു. ഒരു വിഭാഗം പത്രപ്രവർത്തകരോട് സംസാരിക്കാതെ പുറത്താക്കുന്നു. എന്നിട്ട് ബാക്കിയുള്ളവരോട് മാത്രം സംസാരിക്കുന്നു. ബാക്കി മാധ്യമങ്ങൾ അവിടെ നിന്നത് തന്നെ തെറ്റാണ്. അത് മാധ്യമപ്രവർത്തകർ ഗൗരവത്തിൽ ആലോചിക്കേണ്ടതാണ്. അതിനെതിരെ ഇന്ന് പ്രതിഷേധ മാർച്ച് നടത്തുന്ന പത്രപ്രവർത്തക യൂണിയനെ അഭിനന്ദിക്കുന്നു -എം.വി. ഗോവിന്ദൻ പറഞ്ഞു.
ഇത് ഫാഷിസത്തിലേക്കുള്ള യാത്രയാണ്. കൈരളിയും മീഡിയവണും ഭരണഘടനാപരമായ നിലപാട് സ്വീകരിച്ചുകൊണ്ട് നിൽക്കുന്ന സ്ഥാപനങ്ങളാണ്. അവരെ മാത്രം പങ്കെടുപ്പിക്കില്ല എന്നത് സ്വേച്ഛാധിപത്യപരമാണ്. അത് അനുവദിച്ച് കൊടുക്കാനാവില്ല -അദ്ദേഹം വ്യക്തമാക്കി.
മീഡിയ വൺ, കൈരളി ചാനലുകളോട് സംസാരിക്കില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തിങ്കളാഴ്ച രാവിലെ കൊച്ചിയിൽ വാർത്താസമ്മേളനം തുടങ്ങുന്നതിന് മുമ്പായി അറിയിക്കുകയായിരുന്നു. മീഡിയ വൺ, കൈരളി മാധ്യമപ്രവർത്തകർ പുറത്തുപോകണമെന്നും കേഡർ മാധ്യമങ്ങളാട് സംസാരിക്കാൻ താൽപര്യമില്ലെന്നും ഇവരെ വാർത്താസമ്മേളനത്തിന് ക്ഷണിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ഗവർണറുടെ ഓഫിസിൽനിന്ന് ലഭിച്ച ക്ഷണം അടക്കം മീഡിയവൺ വാർത്ത പുറത്തുവിട്ടു. പിന്നീട്, ഗവർണറുടെ വാർത്താസമ്മേളനം റിപ്പോർട്ടർ ടി.വി ബഹിഷ്കരിച്ചു.