കോഴിക്കോട് : ഗർഭിണികൾ, മുലയൂട്ടുന്ന അമ്മാർ, ആറുവയസ് വരെയുള്ള കുട്ടികൾ എന്നിവരുടെ ആരോഗ്യ പരിപാലനത്തിനു കേന്ദ്രസർക്കാർ നൽകിയ 1,30,20,811രൂപ കൊല്ലം നഗരസഭ വിനിയോഗിച്ചിട്ടില്ലെന്ന് ഓഡിറ്റ് റിപ്പോർട്ട്. കേന്ദ്ര സർക്കാരിന്റെ സപ്ലിമെന്ററി പോഷക പരിപാടിയുടെ ഭാഗമായി അങ്കണവാടികളിലൂടെയാണ് പദ്ധതി നടപ്പാക്കേണ്ടത്. ഇതിനുവേണ്ടി വരുന്ന ചെലവിന്റെ 50 ശതമാനം കേന്ദ്ര സർക്കാരിൽ നിന്നും ധനസഹായമായി നൽകുമെന്നാണ് വ്യവസ്ഥ. 50 ശതമാനം സംസ്ഥാന സർക്കരാണ് നൽകേണ്ടത്.
ഇതുമായി ബന്ധപ്പെട്ട് രേഖകൾ പരിശോധിച്ചപ്പോഴാണ് നഗരസഭയുടെ വീഴ്ച കണ്ടെത്തിയത്. എല്ലാ വർഷവും ശിശുവികസന പദ്ധതി ഓഫീസർ കേന്ദ്ര ധനസഹായം സംസ്ഥാന കണക്കിൽ നിന്നും പിൻവലിക്കുകയും കൊല്ലം നഗരസഭയിലെ ഈ തുക സൂക്ഷിക്കുന്നതിനുവേണ്ടി ആരംഭിച്ചിട്ടുള്ള ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്യും. നഗരസഭ രണ്ടു ശിശുവികസന പദ്ധതി ഓഫീസർമാർക്ക് രണ്ട് ബാങ്ക് അക്കൗണ്ടുകൾ തുറന്നു. അതൊന്നിൽ 87,43,023 രൂപയും രണ്ടാമത്തേതിൽ 42, 77, 788 രൂപയും നിലവിലുണ്ടെന്ന് ഓഡിറ്റിൽ കണ്ടെത്തി.
പ്രയോജനമില്ലാതെ സ്റ്റാഫ് ക്വാർട്ടേഴ്സ്
കൊല്ലം നഗരസഭയുടെ കടപ്പാക്കടയിലെ സ്റ്റാഫ് ക്വാർട്ടേഴ്സ് ഉദ്യോഗസ്ഥർക്ക് പ്രയോജനമില്ലാതെ കിടക്കുന്നുവെന്ന് ഓഡിറ്റ് റിപ്പോർട്ട്. നഗരസഭയിൽ ജോലി ചെയ്യുന്ന ദൂരസ്ഥലങ്ങളിൽ നിന്നുള്ള റെഗുലർ ജീവനക്കാരുടെ പാർപ്പിട പ്രശ്നം ഒരു പരിധിവരെ പരിഹരിക്കുക എന്ന ഉദ്ദേശത്തിലാണ് കടപ്പാക്കടയിൽ ക്വാർട്ടേഴ്സ് നഗരസഭ നിർമിച്ചത്.
ഏകദേശം 15ൽ അധികം പേർക്ക് ഒരേ സമയം നഗര മധ്യത്തിൽ താമസ സൗകര്യം നൽകുവാൻ കഴിയുന്ന കെട്ടിടമാണിത്. 49 ലക്ഷം രൂപ സർക്കാർ ഖജനാവിൽ നിന്നും ചിലവഴിച്ചാണ് പണിപൂർത്തിയാക്കിയത്. എന്നിട്ടും ഒന്നര വർഷം ഉദ്ദേശിച്ച പ്രയോജനമില്ലാത്ത രീതിയിൽ ഉപേക്ഷിച്ചിരിക്കുന്നത് നഗരസഭയുടെ വീഴ്ചയാണെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചു.
2021 സെപ്തംബർ ആറിന് ക്വാട്ടേഴിസിന്റെ ഉത്ഘാടനവും നിർവഹിച്ചു. 17 മാസങ്ങൾ പൂർത്തിയായിട്ടും നാളിതുവരെ മുറികൾ ജീവനക്കാർക്ക് നൽകിയിട്ടില്ലെന്ന് ഓഡിറ്റ് പരിശോധനയിൽ കണ്ടെത്തി. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഓഡിറ്റ് നടത്തിയ സംയുക്ത സ്ഥല പരിശോധനയിൽ രണ്ടു മുറികളിൽ രണ്ട് ഉദ്യോഗസ്ഥർ താമസിക്കുന്നതായി വ്യക്തമായി. രണ്ടു മുറികൾ ഹെൽത്ത് സ്ക്വാഡ് പുരുഷ/വനിതാ ജീവനക്കാർ വിശ്രമിക്കു നതിനും വസ്ത്രം മാറുന്നതിനും ഉപയോഗിക്കുന്നു. എന്നാൽ നഗരസഭയുടെ രേഖകളിൽ മുറികൾ ആർക്കും അലോട്ട് ചെയ്തതായി കാണുന്നില്ല.
2011 സെപ്തംബറിൽ നിർമ്മാണം പൂർത്തീകരിച്ച് ഉദ്ഘാടനം ചെയ്ത കെട്ടിടം ഒന്നര വർഷത്തിന് ശേഷവും ജീവനക്കാർക്ക് അനുവദിച്ചു നൽകുന്നതിനുള്ള ബൈലോ അംഗീകരിച്ചു ജീവനക്കാർക്ക് പ്രയോജനപ്പെടുത്തുന്നതിൽ നഗരസഭ വീഴ്ച വരുത്തിയെന്ന് ഓഡിറ്റ് വിലയിരുത്തി.